കൊച്ചി: മടങ്ങിവരുന്ന പ്രവാസികള്‍ക്കായി സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് വിപുലമായ ഒരുക്കങ്ങള്‍. എറണാകുളം, മലപ്പുറം ജില്ലകളില്‍ പതിനയ്യായിരം പേരെ നിരീക്ഷണത്തില്‍ താമസിപ്പിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗത്തിന് ശേഷം മാത്രമെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ.

കപ്പല്‍ മാര്‍ഗവും വിമാന മാര്‍ഗവും കൂടുതല്‍ പ്രവാസികള്‍ എത്തുന്ന എറണാകുളം ജില്ലയില്‍ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. ജില്ലയില്‍ 8000 മുറികളും 6000 വീടുകളും നിരീക്ഷണ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ജില്ലാ ഭരണകൂടം നടപടികള്‍ പൂര്‍ത്തിയാക്കി. വിമാനത്താവളത്തിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ ഹോട്ടല്‍ മുറികളും വിവിധ ഹോസ്റ്റലുകളും ഉള്‍പ്പടെയാണിത്. ഇതില്‍ 4000 വീടുകള്‍ വിവിധ പഞ്ചായത്തുകളിലാണ്.

കൊവിഡ് കെയര്‍ സെന്ററുകള്‍ക്കായി മലപ്പുറം ജില്ലയില്‍ 113 കെട്ടിടങ്ങളാണ് ജില്ലാ ഭരണകൂടം കണ്ടെത്തിയിരിക്കുന്നത്. ഈ കെട്ടിടങ്ങളിലായി 7174 മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഏറ്റെടുക്കാന്‍ 15000 മുറികളും ഒരുക്കിയിട്ടുണ്ട്. രോഗലക്ഷണമില്ലാത്തവരെ വിമാനത്താവളങ്ങളിലെ പരിശോധനയ്ക്ക് ശേഷം വീടുകളില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനുള്ള നടപടികളാണ് നിലവില്‍ പുരോഗമിക്കുന്നത്.

പ്രവാസികള്‍ ആവശ്യപ്പെട്ടാല്‍ ഇവരെ സര്‍ക്കാര്‍ ഏറ്റെടുത്ത നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും കൊവിഡ് കെയര്‍ സെന്ററുകള്‍ തയ്യാറാണ്. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ മാലിദ്വീപിലേക്കും ദുബായിലേക്കും പുറപ്പെട്ട നാവികസേനയുടെ കപ്പലുകളും കൊച്ചി തുറമുഖത്താണ് എത്തുക. മാലിദ്വീപില്‍ നിന്ന് എത്തുന്ന കപ്പലുകളില്‍ മറ്റ് സംസ്ഥാനക്കാരെയും പ്രതീക്ഷിക്കുന്നുണ്ട്.

13 രാജ്യങ്ങൾ, 64 വിമാനങ്ങൾ ; പ്രവാസി മടക്കത്തിന്‍റെ ആദ്യഘട്ടത്തിന് വൻ പദ്ധതി