ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ വ്യാജ പതിപ്പുകളാണ് പിടിച്ചെടുത്തത്. പരിശോധനയില്‍ ബ്രാന്‍ഡഡ് വാച്ചുകളുടെ  32,000 വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടികൂടി.

കുവൈത്ത് സിറ്റി: കുവൈത്തില്‍(Kuwait) വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ കൊമേഴ്‌സ്യല്‍ കണ്‍ട്രോള്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സെക്ടറിലെ(Commercial Control and Consumer Protection) ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വ്യാജ ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം പിടിച്ചെടുത്തു. മൂന്ന് കടകളിലാണ് പരിശോധന നടത്തിയത്.

ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ വ്യാജ പതിപ്പുകളാണ് പിടിച്ചെടുത്തത്. പരിശോധനയില്‍ ബ്രാന്‍ഡഡ് വാച്ചുകളുടെ 32,000 വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടികൂടി. 1,000 ബാഗുകള്‍, 300 ഷോളുകള്‍, 12 ജോഡി ഷൂസ് എന്നിവയും പിടിച്ചെടുത്ത വ്യാജ ഉല്‍പ്പന്നങ്ങളില്‍പ്പെടുന്നു. മൂന്നാമത്തെ സ്ഥാപനം ഒരു പ്രിന്റിങ് പ്രസാണ്. ബാഗുകളിലും മറ്റും ട്രേഡ്മാര്‍ക്കുകള്‍ പതിപ്പിച്ചിരുന്നത് ഇവിടെ നിന്നാണെന്ന് പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച് 'അറബ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. ഈ കടകളിലെ ചില ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് കൊമേഴ്‌സ്യല്‍ പ്രോസിക്യൂഷന് കൈമാറി.

മാന്‍ഹോള്‍ കവറുകള്‍ മോഷ്‍ടിച്ച പ്രവാസി അറസ്റ്റിലായി

കുവൈത്ത് സിറ്റി: കുവൈത്തില്‍ മാന്‍ഹോള്‍ കവറുകള്‍ മോഷ്‍ടിച്ച പ്രവാസി പൊലീസിന്റെ പിടിയിലായി. പട്രോളിങ് നടത്തുന്നതിനിടെയാണ് മോഷ്‍ടാവ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടത്. കുവൈത്തിലെ അഹ്‍മദിയിലായിരുന്നു സംഭവം.

രാജ്യത്തിന്റെ പൊതുസ്വത്ത് കൊള്ളയടിച്ചതിനാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. നാല് മാന്‍ഹോള്‍ കവറുകള്‍ ഇയാളുടെ കൈവശമുണ്ടായിരുന്നു. തുടര്‍ നടപടികള്‍ക്കായി പ്രതിയെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു.