അബുദാബി: യുഎഇയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചെന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. യുഎഇ ദിനപത്രമായ ഖലീജ് 
ടൈംസിന്റെ വെബ്‍സൈറ്റിലെ ഒരു വാര്‍ത്ത എഡിറ്റ് ചെയ്തുണ്ടാക്കിയ വ്യാജ ചിത്രം സഹിതമാണ് വാര്‍ത്ത പ്രചരിക്കുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഫെബ്രുവരി രണ്ടു മുതല്‍ രാജ്യത്തെ എല്ലാ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചെന്നാണ് വ്യാജ വാര്‍ത്തയുടെ ഉള്ളടക്കം. എന്നാല്‍ ഇത് അസത്യമാണെന്ന് ഖലീജ് ടൈംസ് അധികൃതര്‍ വ്യക്തമാക്കി. ജനുവരി 30ന് പ്രസിദ്ധീകരിച്ച മറ്റൊരു വാര്‍ത്തയുടെ തലക്കെട്ട് എഡിറ്റ് ചെയ്തുമാറ്റിയാണ് വ്യാജ വാര്‍ത്തയുണ്ടാക്കിയെന്ന് ഖലീജ് ടൈംസ് അധികൃതര്‍ അറിയിച്ചു.

ചൈനയില്‍ നിന്നുവന്ന ഒരു കുടുംബത്തിലെ നാല് പേര്‍ക്കാണ് യുഎഇയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും 14 ദിവസം നിരീക്ഷിച്ചശേഷം ഡിസ്‍ചാര്‍ജ് ചെയ്യുമെന്നും കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചിരുന്നു. യുഎഇയില്‍ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന തരത്തിലും സോഷ്യല്‍ മീഡിയയില്‍ പ്രചരണങ്ങളുണ്ടായിരുന്നു. ഇത് വാസ്തവ വിരുദ്ധമാണെന്ന് അധികൃതര്‍ പിന്നീട് വ്യക്തമാക്കി. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസും അറിയിച്ചു.