പോണ്‍ സൈറ്റുകളില്‍ പല തവണ സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് നിങ്ങളുടെ ബ്രൌസര്‍ ബ്ലോക്ക് ചെയ്‍തിരിക്കുകയാണെന്നും ബഹ്റൈനിലെ നിയമപ്രകാരം കുറ്റകരമായ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍, അക്രമം, സ്വവര്‍ഗ ലൈംഗികത എന്നിവ ഉള്‍പ്പെടുന്ന വെബ്‍സൈറ്റുകള്‍ നിങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും സന്ദേശത്തില്‍ ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തുന്നു.
മനാമ: ഇന്റര്‍നെറ്റില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതിനുള്ള പിഴ അടയ്‍ക്കാന്‍ ആവശ്യപ്പെട്ട് തട്ടിപ്പിന് ശ്രമം. ബഹ്റൈന്‍ പൊലീസ് മീഡിയാ സെന്ററിന്റെ പേരില്‍ ഔദ്യോഗിക ലോഗോ ഉള്‍പ്പെടെ ഉപയോഗിച്ചാണ് വ്യാജ സന്ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രവാസികളടക്കം നിരവധി പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തിലുള്ള സന്ദേശം ലഭിക്കുകയും ചെയ്‍തു.
രാജ്യത്തെ ആന്റി കറപ്‍ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി ജനറല്‍ ഡയറക്ടറേറ്റിന് കീഴിലുള്ള ആന്റി സൈബര്‍ ക്രൈംസ് ഡയറക്ടറേറ്റാണ് ഇത് സംബന്ധിച്ച ജാഗ്രതാ നിര്‍ദേശം പൊതുജനങ്ങള്‍ക്കായി പുറപ്പെടുവിച്ചിരിക്കുന്നത്. പിഴ അടയ്‍ക്കാനെന്ന പേരില്‍ ആളുകളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ശേഖരിക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. നിയമവിരുദ്ധമായി ഇന്റര്‍നെറ്റ് ഉപയോഗിച്ചതിനുള്ള പിഴ അടയ്‍ക്കണമെന്നും അല്ലെങ്കില്‍ ഗുരുതരമായ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നുമാണ് വ്യാജ സന്ദേശത്തിലെ ഉള്ളടക്കം.
പിഴയായി 190 ബഹ്റൈനി ദിനാറാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത്. പോണ്‍ സൈറ്റുകളില്‍ പല തവണ സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് നിങ്ങളുടെ ബ്രൌസര്‍ ബ്ലോക്ക് ചെയ്‍തിരിക്കുകയാണെന്നും ബഹ്റൈനിലെ നിയമപ്രകാരം കുറ്റകരമായ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍, അക്രമം, സ്വവര്‍ഗ ലൈംഗികത എന്നിവ ഉള്‍പ്പെടുന്ന വെബ്‍സൈറ്റുകള്‍ നിങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും സന്ദേശത്തില്‍ ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തുന്നു. പിഴയടയ്‍ക്കാതെ കംപ്യൂട്ടര്‍ അണ്‍ലോക് ചെയ്യാന്‍ ശ്രമിച്ചാല്‍ കംപ്യൂട്ടറിലുള്ള എല്ലാ വിവരങ്ങളും ഡിലീറ്റ് ചെയ്യപ്പെടുമെന്നും അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ വേണ്ടിയാണിതെന്നും സന്ദേശത്തിലുണ്ട്.
12 മണിക്കൂറിനകം പിഴ അടച്ചില്ലെങ്കില്‍ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്‍ത് ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തും. പിഴ അടച്ചാല്‍ കംപ്യൂട്ടര്‍ സ്വമേധയാ അണ്‍ബ്ലോക്ക് ചെയ്യപ്പെടുമെന്നുമാണ് ഈ വ്യാജ സന്ദേശത്തില്‍ പറയുന്നത്. ഒരിക്കല്‍ പോലും അശ്ലീല ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്ന് ഉറപ്പുള്ള തങ്ങള്‍ ഇത്തരമൊരു സന്ദേശം ലഭിച്ചപ്പോള്‍ ഞെട്ടിപ്പോയെന്നാണ് ചില ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ പ്രതികരിച്ചത്. വീട്ടിലെ മറ്റുള്ളവരെയും മക്കളെയും വരെ സംശയിച്ചവരുമുണ്ടെന്ന് ഒരു ബഹ്റൈനി മാധ്യമത്തോട് പ്രതികരിച്ച ചിലര്‍ വ്യക്തമാക്കി. എന്നാല്‍ സംഭവം തട്ടിപ്പാണെന്ന് ഔദ്യോഗിക വിശദീകരണം വന്നതോടെയാണ് പലര്‍ക്കും ആശ്വാസമായത്.
