ഒരേ കയറിൽ തൂങ്ങിയ നിലയിലാണ് വിപഞ്ചിക മണിയനെയും മകൾ വൈഭവിയെയും കണ്ടെത്തിയത്. ഇതിന്‍റെ ഞെട്ടലിലാണ് പ്രവാസ ലോകം. 

ഷാര്‍ജ: ഷാർജയിൽ യുവതിയെയും ഒന്നര വയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തിയതിന്‍റെ ഞെട്ടലില്‍ പ്രവാസ ലോകം. കൊല്ലം ചന്ദനത്തോപ്പ് സ്വദേശി വിപഞ്ചിക മണിയനെയും മകൾ വൈഭവിയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരേ കയറിൽ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഷാർജ അൽ നഹ്‍ദയിലെ ഫ്ലാറ്റിലാണ് സംഭവം. വിപഞ്ചികയെയും മകളെയും മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസുൾപ്പടെയുള്ള അധികൃതരെത്തി തുടർ നടപടികൾ സ്വീകരിച്ചു. മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയതാണോയെന്ന സംശയം നിലനിൽക്കുന്നുണ്ട്. 33 വയസ്സാണ് വിപഞ്ചികയ്ക്ക്. സ്വകാര്യ കമ്പനിയിലെ എച്ച് ആർ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്തിരുന്നത്. ഭർത്താവ് നിതീഷും യുഎഇയിലുണ്ട്. എന്നാൽ വിപഞ്ചികയുടെ മരണത്തിൽ കുടുംബം സംശയം ഉയർത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കുടുംബവഴക്കോ മറ്റു കാരണങ്ങളോ മരണത്തിലേക്ക് നയിച്ചോ എന്നതിലെല്ലാം അന്വേഷണം നടക്കും.