ഷാര്‍ജ: ഷാര്‍ജയില്‍ പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പതിനൊന്നുകാരനായ മകന്‍. 48കാരനായ പിതാവിനെതിരെ ശാരീരിക അതിക്രമത്തിന് കോടതി പിഴ വിധിച്ചു. 

ഒമ്പത് വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷം വേര്‍പിരിഞ്ഞ് താമസിക്കുകയാണ് കുട്ടിയുടെ മാതാപിതാക്കള്‍. വിവാഹമോചനം മുതല്‍ കുട്ടി 42കാരിയായ മാതാവിനൊപ്പമാണ് താമസിച്ചിരുന്നത്. എന്നാല്‍ പതിനൊന്ന് വയസ്സ് തികഞ്ഞപ്പോള്‍ കുട്ടിയുടെ സംരക്ഷണ ചുമതല പിതാവിന് കൈമാറി. പിതാവിനൊപ്പം താമസിച്ചിരുന്ന കുട്ടി ഒരു ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം ഷോപ്പിങ് മാളില്‍ പോയി. പുറത്തുപോയ പിതാവ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മകനെ കണ്ടില്ല. ഇയാള്‍ മകനെ ഫോണ്‍ വിളിച്ച് എവിടെയാണുള്ളതെന്ന് തിരക്കി. 

തുടര്‍ന്ന് ഷോപ്പിങ് മാളിലെത്തിയ പിതാവ് മകന്റെ വസ്ത്രത്തില്‍ പിടിച്ച് വലിച്ച് കാറിലേക്ക് കയറ്റി. വസ്ത്രത്തില്‍ ശക്തിയായ പിടിച്ച് വലിച്ചത് മൂലം കുട്ടിയുടെ കഴുത്തില്‍ പാടുകള്‍ വീണിരുന്നതായി ഷാര്‍ജ ക്രിമിനല്‍ കോടതിയിലെ ഔദ്യോഗിക രേഖകളില്‍ പറയുന്നു. ഇതിന് ശേഷം പിതാവ് ശ്വാസംമുട്ടിച്ചതായി കുട്ടി അമ്മയോട് പറഞ്ഞെന്നാണ് വിവരം. ഇതോടെ കുട്ടിയുടെ സംരക്ഷണ ചുമതല തിരികെ കിട്ടാനായി മാതാവ് ശ്രമം തുടങ്ങി. ഇവര്‍ തന്നെയാണ് സംഭവം അധികൃതരെ അറിയിച്ചത്.

വിവരം ലഭിച്ചതോടെ പിതാവിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചു. കുട്ടിയുടെ കഴുത്തിലെ പാടുകള്‍ കണ്ടതോടെ കേസ് കോടതിയിലേക്ക് മാറ്റി. എന്നാല്‍ താന്‍ മകനെ കൊലപ്പെടുത്താന്‍ നോക്കിയിട്ടില്ലെന്നും മകനെ താന്‍ സ്‌നേഹിക്കുന്നുണ്ടെന്നും പിതാവ് കോടതിയില്‍ പറഞ്ഞു. പിതാവിന്റെ ഭാഗം കൂടി കേട്ട കോടതി ശാരീരിക അതിക്രമത്തിന് ഇയാള്‍ 5,000 ദിര്‍ഹം പിഴ നല്‍കണമെന്ന് ഉത്തരവിട്ടു. കുട്ടിയെ വീണ്ടും മാതാവിന് വിട്ടുനല്‍കുകയും ചെയ്തു.   

(ചിത്രം- ഷാര്‍ജ കോടതി)