എട്ടും പതിനാലും വയസുള്ള രണ്ട് ആണ്‍ മക്കളാണ് പ്രതിക്കും ഭാര്യയ്ക്കുമുള്ളത്. ഇതില്‍ 14 വയസുകാരനെക്കൊണ്ട് താന്‍ പൊറുതിമുട്ടിയെന്നാണ് ഒരു പെട്രോളിയം കമ്പനിയിലെ മുന്‍ ജീവനക്കാരന്‍ കൂടിയായ പിതാവിന്റെ ആരോപണം. 

മനാമ: സ്വഭാവദൂഷ്യം ആരോപിച്ച് സ്വന്തം മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവിനെതിരെ ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ തുടങ്ങി. മരം മുറിക്കാനും മറ്റും ഉപയോഗിക്കുന്ന 'ചെയിന്‍സോ' ഉപയോഗിച്ചാണ് ഇയാള്‍ 14 വയസുകാരനായ മകനെ ആക്രമിച്ചത്. കുട്ടിയുടെ വിരലുകളുടെ ഭാഗങ്ങള്‍ അറ്റുപോവുകയും ശരീരത്തില്‍ പലയിടങ്ങളിലും മുറിവേല്‍ക്കുകയും ചെയ്‍തിരുന്നു.

നവംബര്‍ എട്ടിനായിരുന്നു കേസിന് ആസ്‍പദമായ സംഭവം നടന്നത്. കനെ കൊല്ലാനായി ജൂലൈ മാസത്തില്‍ തന്നെ രണ്ട് ചെയിന്‍സോകള്‍ വാങ്ങിയിരുന്നെന്നും എന്നാല്‍ അച്ചടക്കത്തോടെ ജീവിക്കാമെന്ന് മകന്‍ സമ്മതിച്ചതിനാല്‍ കൊലപാതകശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു. എന്നാല്‍ എടുത്തിടെ പുകവലിച്ചതിന് സ്‍കൂളില്‍ നിന്ന് പുറത്താക്കിയെന്ന് കൂടി അറിഞ്ഞപ്പോള്‍ കൊലപാതക ശ്രമം നടത്തുകയായിരുന്നു.

എട്ടും പതിനാലും വയസുള്ള രണ്ട് ആണ്‍ മക്കളാണ് പ്രതിക്കും ഭാര്യയ്ക്കുമുള്ളത്. ഇതില്‍ 14 വയസുകാരനെക്കൊണ്ട് താന്‍ പൊറുതിമുട്ടിയെന്നാണ് ഒരു പെട്രോളിയം കമ്പനിയിലെ മുന്‍ ജീവനക്കാരന്‍ കൂടിയായ പിതാവിന്റെ ആരോപണം. മക്കളെ നേരായ വിധത്തില്‍ വളര്‍ത്തിയില്ലെന്ന് പറഞ്ഞ് താനും ഭാര്യയും സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ബന്ധുക്കളില്‍ ഒരാളെ തന്റെ മകന്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ഞാന്‍ അറിഞ്ഞു. അന്ന് മകനെ അടിച്ചു. എന്നാല്‍ പിന്നീട് അവന്‍ അമ്മയെ ആക്രമിച്ചു. താന്‍ അടിക്കാന്‍ ചെന്നപ്പോള്‍ തിരിച്ചടിച്ചു. ഇതോടെയാണ് മകനെ കൊല്ലാന്‍ തീരുമാനിച്ചതും അതിനായി രണ്ട് ചെയിന്‍സോകള്‍ വാങ്ങി മകന്റെ കട്ടിലിന് അടിയില്‍ സൂക്ഷിച്ചതുമെന്ന് പിതാവ് പറഞ്ഞു. ഒരു നിവൃത്തിയും ഇല്ലാതെ വന്നപ്പോഴാണ് മകനെ കൊല്ലാന്‍ ശ്രമിച്ചതെന്നും പിതാവ് പറഞ്ഞു.

എന്നാല്‍ പിന്നീട് മകന്‍ തന്റെ മനസുമാറിയെന്നും ഇനി നല്ലവനായി ജീവിക്കുമെന്നും പറഞ്ഞതോടെ കൊലപാതക ശ്രമം ഉപേക്ഷിച്ചു. പിന്നീട് സ്‍കൂളില്‍ വെച്ച് സിഗിരറ്റ് വലിച്ചതിന് അവനെ ക്ലാസില്‍ നിന്ന് പുറത്താക്കിയെന്ന് കൂടി അറിഞ്ഞതോടെ മകനെ കൊന്നുകളയാന്‍ തന്നെ തീരുമാനിച്ചു. ഉറക്കത്തില്‍ ചെയിന്‍സോ ഉപയോഗിച്ച് ആക്രമിച്ചെങ്കിലും മകന്‍ ശബ്ദം കേട്ട് ഉണര്‍ന്ന് പ്രതിരോധിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സ പൂര്‍ത്തിയാക്കി ഇപ്പോള്‍ അമ്മയുടെ സംരക്ഷണത്തിലാണ്.

ആക്രമണത്തിന് ശേഷമുള്ള ചില വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ വീഡിയോ ക്ലിപ്പുകളും കാര്‍പ്പറ്റുകളിലും ബെഡിലുമുള്ള രക്തക്കറകളുമാണ് തെളിവുകളായി കോടതിയില്‍ ഹാജരാക്കിയത്. കുറ്റം തെളിഞ്ഞാല്‍ പിതാവിന് 15 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കും. കേസ് അടുത്ത ബുധനാഴ്ച പരിഗണിക്കാനായി കോടതി മാറ്റിവെച്ചു.

Read also:  പ്രവാസി വനിതയെ കൊലപ്പെടുത്തിയത് സ്വദേശിയായ 17 വയസുകാരന്‍; കൊല്ലുന്നതിന് മുമ്പ് ബലാത്സംഗം ചെയ്തെന്നും കണ്ടെത്തി