ദുബായ്: നിശ്ചിത തുകയ്ക്ക് മുകളിലുള്ള ഫീസുകളും പിഴകളും ദുബായില്‍ പല തവണകളായി അടയ്ക്കാനുള്ള സംവിധാനം വരുന്നു. വ്യക്തികള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ഈ ഇളവ് ലഭിക്കും. കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അധ്യക്ഷനായ ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സിലാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയത്. 

ധനകാര്യ വകുപ്പിന്റെ മാനദണ്ഡങ്ങളും നടപടികളും പാലിച്ചായിരിക്കും ഇളവ് ലഭിക്കുക. വ്യക്തികള്‍ക്ക് 10,000 ദിര്‍ഹത്തിനും സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം ദിര്‍ഹത്തിനും മുകളിലുള്ള ഫീസുകളാണ് തവണകളായി അടയ്ക്കാന്‍ സാധിക്കുക. ഇതിന് പുറമെ വ്യക്തികള്‍ക്ക് 5000 ദിര്‍ഹത്തിനും സ്ഥാപനങ്ങള്‍ക്ക് 20,000 ദിര്‍ഹത്തിനും മുകളിലുള്ള പിഴകളും ഇങ്ങനെ അടയ്ക്കാനാവും. പരമാവധി രണ്ട് വര്‍ഷം വരെയുള്ള തവണകളാണ് തെരഞ്ഞെടുക്കാനാവുന്നത്. ഘട്ടം ഘട്ടമായി സ്വീകരിക്കാവുന്ന ഫീസുകളുടെയും ഫൈനുകളുടെയും പട്ടിക തയാറാക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കൗണ്‍സില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.