മക്ക: വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർത്ഥാടകരുടെ സർവീസ് ഫീസ് വർദ്ധിപ്പിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ സർവീസിന് ഫീസ് വർദ്ധിപ്പിച്ചതായി സൗദി ഉംറ കമ്പനികൾ ഇന്ത്യൻ ഉംറ സർവീസ് കമ്പനികളെ അറിയിച്ചിട്ടുണ്ട്.  നിലവിലുള്ള ഫീസിനൊപ്പം 250 റിയാലാണ് വർധിപ്പിച്ചിരിക്കുന്നത്.

നിലവിൽ ഇന്ത്യയിൽ നിന്ന് ഉംറ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പാസ്പോർട്ടിലെ സ്റ്റിക്കറിന് 50 റിയാലായിരുന്നു നിരക്ക്. ഇത് 300 റിയാലാക്കിയാണ് ഹജ്ജ് ഉംറ മന്ത്രാലയം വർദ്ധിപ്പിച്ചത്. ഇതോടൊപ്പം സേവന നികുതി കൂടിയാകുമ്പോൾ 500 റിയാലാകും ഫീസ്. നേരത്തെ ഇത് 250 റിയാലായിരുന്നു. കൂടാതെ തീർത്ഥാടകരുടെ വിമാന നിരക്കുകൂടിയാകുമ്പോൾ നിരക്ക് കൂടും.

ഈ വർഷം മുതൽ ഉംറ സർവീസ് പൂർണ്ണമായും ഓൺലൈനായി നടക്കുന്നതിനാൽ തീർത്ഥാടകരുടെ സൗദിയിലെ താമസ - യാത്രാ ചെലവുകൾ ഉംറ കമ്പനികൾ നേരത്തെ ഓൺലൈനായി അടയ്‌ക്കേണ്ടിവരും. അതേസമയം ആവർത്തിച്ച് ഉംറ നിർവ്വഹിക്കുന്നതിനുള്ള ഫീസായി രണ്ടായിരം റിയാൽ ഹജ്ജ് ഉംറ മന്ത്രാലയം പിൻവലിച്ചു.