ഉമ്മുല്‍ഖുവൈന്‍: യുഎഇയുടെ 49-ാം ദേശീയ ദിനത്തോടനുബന്ധിച്ച് ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഉമ്മുല്‍ഖുവൈന്‍. എമിറേറ്റിലെ എല്ലാം ബ്ലാക് ട്രാഫിക് പോയിന്റുകളും റദ്ദാക്കും. വാഹനം കണ്ടുകെട്ടുന്നതില്‍ അടച്ചുതീര്‍ക്കാന്‍ ബാക്കിയുള്ള പിഴ ഒഴിവാക്കി നല്‍കുമെന്ന് ഉമ്മുല്‍ഖുവൈന്‍ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അഹ്മദ് അല്‍ മുല്ല പറഞ്ഞു. 

ഡിസംബര്‍ രണ്ടു മുതല്‍ ജനുവരി രണ്ടു വരെ ഒരു മാസത്തേക്കാണ് ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഷാര്‍ജ, റാസല്‍ഖൈമ, അജ്മാന്‍, ഫുജൈറ എന്നിവിടങ്ങളിലും ട്രാഫിക് പിഴയിളവ് പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ രണ്ടു മുതല്‍ 49 ദിവസത്തേക്കാണ് ഷാര്‍ജയില്‍ 50 ശതമാനം പിഴയിളവ് ലഭിക്കുക.