Asianet News MalayalamAsianet News Malayalam

സൗദിയില്‍ വീട്ടുജോലിക്കാരിയെ ശിക്ഷിക്കാന്‍ തൊഴിലുടമ വെയിലത്ത് മരത്തില്‍ കെട്ടിയിട്ടു; ചിത്രങ്ങള്‍ പുറത്ത്

വിലയേറിയ ഫര്‍ണിച്ചര്‍ വീടിന് പുറത്ത് വെയിലത്ത് ഇട്ടതിനാല്‍ അവയുടെ നിറം മങ്ങിയതില്‍ അരിശംപൂണ്ടായിരുന്നു തന്നെ കെട്ടിയിട്ടതെന്ന് ലൗലി പറഞ്ഞു. കൈകളും കാലുകളും വീട്ടിലെ പൂന്തോട്ടത്തിലുള്ള മരത്തോട് ചേര്‍ത്ത് കെട്ടിയിട്ടിരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. 

Filipino maid tied to tree by Saudi Arabian employers as punishment
Author
Riyadh Saudi Arabia, First Published May 15, 2019, 2:14 PM IST

റിയാദ്: ഫര്‍ണിച്ചര്‍ വെയിലത്ത് ഇട്ടതിന് ശിക്ഷയായി സൗദി അറേബ്യയില്‍ വീട്ടുജോലിക്കാരിയെ വെയിലത്ത് മരത്തില്‍ കെട്ടിയിട്ടു. സൗദിയിലെ ധനിക കുടുംബത്തില്‍ ജോലി ചെയ്തിരുന്ന ഫീലിപ്പൈന്‍ സ്വദേശി ലൗലി അകോസ്റ്റ ബറുലോയാണ് (26) തൊഴിലുടമയുടെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയായത്. വീട്ടിലെ മറ്റ് ജോലിക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

വിലയേറിയ ഫര്‍ണിച്ചര്‍ വീടിന് പുറത്ത് വെയിലത്ത് ഇട്ടതിനാല്‍ അവയുടെ നിറം മങ്ങിയതില്‍ അരിശംപൂണ്ടായിരുന്നു തന്നെ കെട്ടിയിട്ടതെന്ന് ലൗലി പറഞ്ഞു. കൈകളും കാലുകളും വീട്ടിലെ പൂന്തോട്ടത്തിലുള്ള മരത്തോട് ചേര്‍ത്ത് കെട്ടിയിട്ടിരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. വെയിലത്ത് നില്‍ക്കുമ്പോഴുള്ള അവസ്ഥ ബോധ്യപ്പെടുത്താനെന്ന പേരിലായിരുന്നത്രെ ശിക്ഷ. സംഭവം തങ്ങളുടെ ശ്രദ്ധയില്‍ പെട്ടെന്നും രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീയെ മോചിപ്പിച്ച് നാട്ടിലെത്തിക്കാന്‍ കഴിഞ്ഞുവെന്നും ഫിലിപ്പൈന്‍ വിദേശകാര്യ വകുപ്പ് അറിയിച്ചു.

മേയ് ഒന്‍പതിനാണ് ഈ സംഭവം തങ്ങളുടെ ശ്രദ്ധയില്‍ പെട്ടതെന്നും അന്നുതന്നെ യുവതിയെ ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്ന് മോചിപ്പിച്ച് ഫിലിപ്പൈന്‍ തലസ്ഥാനമായ മനിലയില്‍ എത്തിച്ചുവെന്ന് എംബസിയും അറിയിച്ചിട്ടുണ്ട്. തങ്ങളില്‍ നിന്നുണ്ടാവുന്ന ചെറിയ പിഴവുകള്‍ക്ക് പോലും തൊഴിലുടമ ഇത്തരത്തില്‍ കഠിനമായി ശിക്ഷിച്ചിരുന്നുവെന്ന് ഒപ്പം ജോലി ചെയ്യുന്ന സ്ത്രീ പറഞ്ഞു. തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നാണ് വീട്ടില്‍ തിരിച്ചെത്തിയ ശേഷം ലൗലി പറഞ്ഞത്. തന്റെ ഫോട്ടോകള്‍ പകര്‍ത്തി അപ്‍ലോ‍ഡ് ചെയ്തവരാണ് തന്നെ സഹായിച്ചത്. എന്നാല്‍ അവരുടെ സുരക്ഷയോര്‍ത്ത് തനിക്ക് ആശങ്കയുണ്ട്. തന്റെ അതേ അവസ്ഥയിലുള്ള അവരെയും രക്ഷിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ലൗലി പറഞ്ഞു. 

23 ലക്ഷത്തിലധികം ഫിലിപ്പൈനികള്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ പകുതിയിലധികവും സ്ത്രീകളാണ്. 
 

Follow Us:
Download App:
  • android
  • ios