രണ്ടാഴ്ച്ചകളിലായി മുന്നിലെത്തിയ 25 കുടുംബങ്ങളിലും പ്രധാന വില്ലൻ സാമ്പത്തികം തന്നെയാണെന്നാണ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷൻ വ്യക്തമാക്കുന്നത്.
ഷാര്‍ജ: പ്രവാസി കുടുംബങ്ങളിലെ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതിൽ ഏറ്റവുമധികം പങ്കുവഹിക്കുന്നത് സാമ്പത്തിക പ്രശ്നങ്ങളെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ. രണ്ട് തവണകളിലായി മുന്നിലെത്തിയ 25 കേസുകളിൽ നിന്നാണ് ഈ കണ്ടെത്തൽ. 90 ശതമാനത്തിലധികവും ഇരകളാകുന്നത് സ്ത്രീകളുമാണ്. ഗാർഹിക പീഡനങ്ങളിൽ നിന്ന് രക്ഷിക്കാൻ അസോസിയേഷൻ തുടങ്ങിയ പദ്ധതി വിപുലീകരിക്കാൻ ഒരുങ്ങുകയാണ് ഇതോടെ ഷാർജ ഇന്ത്യൻ അസോസിയേഷൻ.
പണമില്ലാഞ്ഞിട്ടല്ല. വരവറിയാതെയുള്ള ചെലവഴിക്കൽ, പോരാഞ്ഞ് ഭാര്യയെക്കൊണ്ട് വായ്പ്പയെടുപ്പിക്കൽ, ക്രെഡിറ്റ് കാർഡും ചെക്കും കൈക്കലാക്കൽ, സാമ്പത്തിക അച്ചടക്കമില്ലാതെ ബാധ്യതകൾ വരുത്തിവെക്കൽ, ലഹരി. ഒടുവിൽ അത് കുടുംബവഴക്കിലേക്കെത്തുന്നു. രണ്ടാഴ്ച്ചകളിലായി മുന്നിലെത്തിയ 25 കുടുംബങ്ങളിലും പ്രധാന വില്ലൻ സാമ്പത്തികം തന്നെ.
ഷാർജയിലുണ്ടായ 2 ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ മുന്നിലെത്തിയ കേസുകളിൽ ഞെട്ടിയിരിക്കുകയാണ് അസോസിയേഷൻ തന്നെ. ഓരോ ശനിയാഴ്ച്കളിലുമാണ് ഇത്തരക്കാർക്ക് അസോസിയേഷനിലെത്തി സൗൺസിലിങ് ഉൾപ്പടെ തേടി പരിഹാരത്തിനുള്ള അവസരം. ഗൗരവും കണക്കിലെടുത്ത് പ്രശ്നങ്ങളനുഭവിക്കുന്നവരെ അങ്ങോട്ട് പോയി കാണാനുള്ള സൗകര്യമൊരുക്കാൻ ആലോചിക്കുകയാണ്. 24 മണിക്കൂറും സഹായത്തിന് സജ്ജമാണ്. മുന്നിലെത്തുന്ന കേസുകളിൽ ശാരീരീക അതിക്രമമുണ്ടായ സംഭവങ്ങളുണ്ടെങ്കിൽ പൊലീസിനെ ഏൽപ്പിക്കും. വഴക്കും ബഹളവും പതിവായ കുടുംബങ്ങളിൽ നിന്ന് മാറിത്താമസിക്കുന്നതോടെ കുട്ടികൾക്ക് വലിയ ആശ്വാസമുണ്ടായതായുള്ള അനുഭവങ്ങളും അസോസിയേഷന് മുന്നിലെത്തിയിട്ടുണ്ട്.

