വാഹനം ഓടിക്കുമ്പോള്‍ അശ്രദ്ധ കാണിക്കുകയും ചുവപ്പ് സിഗ്നല്‍ ലംഘിക്കുകയും ചെയ്യുന്നത് 51,000 ദിര്‍ഹം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണെന്ന് പൊലീസ് പറയുന്നു. 

അബുദാബി: റോഡിലെ ചുവപ്പ് സിഗ്നല്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ലഭിക്കുന്നതിനൊപ്പം വാഹനങ്ങള്‍ പിടിച്ചെടുക്കുക കൂടി ചെയ്യുമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. ചുവപ്പ് ലൈറ്റ് വകവെയ്‍ക്കാതെ വാഹനം ഓടിച്ചത് വഴിയുണ്ടായ വിവിധ വാഹനാപകടങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പൊലീസിന്റ മുന്നറിയിപ്പ്.

വാഹനം ഓടിക്കുമ്പോള്‍ അശ്രദ്ധ കാണിക്കുകയും ചുവപ്പ് സിഗ്നല്‍ ലംഘിക്കുകയും ചെയ്യുന്നത് 51,000 ദിര്‍ഹം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണെന്ന് പൊലീസ് പറയുന്നു. ജംഗ്ഷനുകളില്‍ ചുവപ്പ് സിഗ്നല്‍ ലംഘിച്ച് മുന്നോട്ട് നീങ്ങുന്നവര്‍ക്ക് 1000 ദിര്‍ഹമാണ് പിഴ. ഒപ്പം 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുകയും ചെയ്യും. അബുദാബി എമിറേറ്റില്‍ വാഹനം പിടിച്ചെടുക്കുന്നതിനുള്ള 2020ലെ നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരം പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാന്‍ 50,000 ദിര്‍ഹമാണ് ഡ്രൈവര്‍ പിഴയടയ്‍ക്കേണ്ടത്. ഒപ്പം ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് ആറ് മാസത്തേക്ക് തടഞ്ഞുവെയ്‍ക്കുകയും ചെയ്യും.

വാഹനം ഓടിക്കുമ്പോള്‍ അശ്രദ്ധരാവുന്നതിന്റെയും ട്രാഫിക് സിഗ്നലിലെ ചുവപ്പ് ലൈറ്റ് ലംഘിക്കുന്നതിന്റെയും അപകടകരമായ പരിണിത ഫലങ്ങളെക്കുറിച്ചും അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വാഹനം ഓടിക്കുന്നവര്‍ ഫോണിലോ മറ്റ് കാര്യങ്ങളിലോ ശ്രദ്ധിക്കാതെ പൂര്‍ണശ്രദ്ധയും റോഡില്‍ തന്നെ കൊടുക്കണം. റോഡ് സിഗ്നലുകളും അറിയിപ്പുകളും ശ്രദ്ധിക്കുന്നതിനൊപ്പം കാല്‍നട യാത്രക്കാരുടെ കാര്യത്തിലും ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് അറിയിച്ചു.

വീഡിയോ...

Scroll to load tweet…