ദുബായ്: അല്‍ഖൂസിലെ തൊഴിലാളികളുടെ താമസ സ്ഥലത്ത് തീപിടിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 3.30ഓടെ അല്‍ഖൂസ് 4ലുള്ള ഒരു ഹോട്ടല്‍ സ്റ്റാഫ് അക്കൊമഡേഷനിലയിരുന്നു സംഭവം. ഇവിടുത്തെ സ്റ്റോറില്‍ നിന്നാണ് തീപടര്‍ന്നത്. പിന്നീട് കെട്ടിടം മുഴുവന്‍ കത്തിയമര്‍ന്നു.

നീണ്ട അവധിയായതിനാല്‍ കഴിഞ്ഞ ദിവസം ഇവിടെ തൊഴിലാളികള്‍ ഒരുമിച്ചുകൂടിയിരുന്നുവെന്നും ഇവരിലൊരാള്‍ ഉപേക്ഷിച്ച സിഗിരറ്റ് കുറ്റിയാണ് തീപിടുത്തത്തിന് കാരണമായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ ഏളുപ്പത്തില്‍ തീപിടിക്കുന്ന നിരവധി സാധനങ്ങള്‍ ഈ പരിസരത്തുണ്ടായിരുന്നതിനാല്‍ തീ അതിവേഗം പടര്‍ന്നുപിടിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാര്‍ ഉടന്‍ തന്നെ കെട്ടിടത്തിലുണ്ടായിരുന്നവരെ ഒഴിപ്പിക്കുകയും സിവില്‍ ഡിഫന്‍സ് അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. തീപിടുത്തത്തിന്റെ യാഥാര്‍ത്ഥ കാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. പരിസരത്തെ സ്കൂളിലേക്കും തീപടര്‍ന്നതായി ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അവ ശരിയല്ലെന്ന് പിന്നീട് അധികൃതര്‍ അറിയിച്ചു.