അഞ്ച് വിമാനങ്ങളിലായി 1,400 ഓളം തീർത്ഥാടകർ മദീനയിലെത്തി. കൽക്കത്തയിൽ നിന്നും രണ്ടു വിമാനങ്ങളിലായി 622 പേരും ലക്‌നൗവിൽ നിന്നും രണ്ട് വിമാനങ്ങളിലായി 586 പേരുമാണ് മദീനയിലെത്തിയത്.
റിയാദ്: സൗദി അറേബ്യയിലേക്കുള്ള ഹജ്ജ് വിമാന സർവിസുകളാരംഭിച്ച ആദ്യ ദിനമായ ഇന്നലെ (ഞായറാഴ്ച്ച) ഇന്ത്യയിൽ നിന്നുള്ള ഹാജിമാരും മദീനയിലെത്തി. ഉച്ചയോടെ 256 തീർത്ഥാടകരുമായി ജയ്പൂരിൽ നിന്നുള്ള സംഘമാണ് ആദ്യം മദീന വിമാനത്താവളത്തിലെത്തിയത്. സംഘത്തെ ഇന്ത്യൻ ഹജ്ജ് മിഷന് കീഴിൽ ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ശാഹിദ് ആലം, ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ എന്നിവർ പൂക്കളും ഈത്തപ്പഴവും മധുരവും നൽകി സ്വീകരിച്ചു.
അഞ്ച് വിമാനങ്ങളിലായി 1,400 ഓളം തീർത്ഥാടകർ മദീനയിലെത്തി. കൽക്കത്തയിൽ നിന്നും രണ്ടു വിമാനങ്ങളിലായി 622 പേരും ലക്‌നൗവിൽ നിന്നും രണ്ട് വിമാനങ്ങളിലായി 586 പേരുമാണ് മദീനയിലെത്തിയത്. ഡൽഹി, കൽക്കത്ത, ലക്‌നൗ, ജയ്പൂർ എന്നിവിടങ്ങളിൽ നിന്നായി ഒമ്പത് ഹജ്ജ് വിമാനങ്ങൾ വഴി 3,100 ഓളം തീർത്ഥാടകർ ഇന്ന് (തിങ്കൾ) മദീനയിലെത്തും. മദീനയിലെത്തുന്ന തീർഥാടകർ ഇവിടെ സന്ദർശനം പൂർത്തിയാക്കി മക്കയിലേക്ക് തിരിക്കും.
ഇന്ത്യയിൽ നിന്ന് ഈ വര്‍ഷം 1,75,025 തീർഥാടകരാണ് ഹജ്ജിനെത്തുക. ഇവരിൽ 1,40,020 തീർഥാടകർ സര്‍ക്കാറിന്റെ ഹജ്ജ് കമ്മറ്റി മുഖേനയും 35,005 പേർ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴിയുമായിരിക്കും പുണ്യഭൂമിയിലെത്തുക. കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം ജൂൺ ആദ്യ വാരത്തിൽ ജിദ്ദ വിമാനത്താവളത്തിലേക്കാണ് എത്തുക.

