റിയാദ്: സൗദി അറേബ്യയില്‍ ഹൂതികള്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അതിര്‍ത്തി പ്രദേശമായ ജിസാനിലെ ജനവാസ മേഖലയിലാണ് ആക്രമണമുണ്ടായതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സിനെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു.

ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ ഷെല്ലുകള്‍ തറച്ചാണ് ആളുകള്‍ക്ക് പരിക്കേറ്റതെന്ന് സൗദി പ്രസ് ഏജന്‍സി വ്യക്തമാക്കുന്നു. മൂന്ന് വാഹനങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. കഴിഞ്ഞ ഏതാനും ആഴ്‍ചകളായി നിരവധി തവണ സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണങ്ങളുണ്ടായിരുന്നു. ഭൂരിഭാഗം ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നു.