ടൊറന്‍റോയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റു മരിച്ചു. സ്കാർബറോ ക്യാമ്പസിന് സമീപമാണ് പിഎച്ച്ഡി വിദ്യാർത്ഥിയായ ശിവങ്ക് അവസ്തി (20) കൊല്ലപ്പെട്ടത്. ഈ വർഷം ടൊറന്‍റോയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന 41-ാമത്തെ കൊലപാതകമാണിത്.

ടൊറന്‍റോ: കാനഡയിലെ ടൊറന്‍റോയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റു മരിച്ചു. ടൊറന്‍റോ സർവ്വകലാശാലയിൽ സ്കാർബറോ ക്യാമ്പസിന് സമീപമാണ് പിഎച്ച്ഡി വിദ്യാർത്ഥിയായ ശിവങ്ക് അവസ്തി (20) കൊല്ലപ്പെട്ടത്. ഈ വർഷം ടൊറന്‍റോയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന 41-ാമത്തെ കൊലപാതകമാണിത്.

ചൊവ്വാഴ്ച വൈകുന്നേരം 3.34ഓടെ ഹൈലാൻഡ് ക്രീക്ക് ട്രയൽ, ഓൾഡ് കിംഗ്സ്റ്റൺ റോഡ് പ്രദേശത്താണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഒരാളെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ്, വെടിയേറ്റ നിലയിൽ ശിവങ്കിനെ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സ്ഥിരീകരിച്ചു. പൊലീസ് എത്തുന്നതിന് മുൻപ് തന്നെ അക്രമി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിനെയോ ക്രൈം സ്റ്റോപ്പേഴ്സിനെയോ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ശിവങ്ക് അവസ്തിയുടെ മരണത്തിൽ ടൊറന്‍റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. കുടുംബവുമായി ബന്ധപ്പെട്ടുവരികയാണെന്നും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും കോൺസുലേറ്റ് അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് ടൊറന്റോയിൽ മറ്റൊരു ഇന്ത്യൻ യുവതിയായ ഹിമാൻഷി ഖുറാന (30) കൊല്ലപ്പെട്ടത്. 

വെള്ളിയാഴ്ച ഹിമാൻഷിയെ കാണാനില്ലെന്ന് പരാതി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ ശനിയാഴ്ച ഒരു താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഹിമാൻഷിയുടെ സുഹൃത്തായ അബ്ദുൾ ഗഫൂരി (32) എന്നയാൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇവർ തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇയാൾക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ടൊറന്റോയിൽ തുടർച്ചയായുണ്ടാകുന്ന ഇത്തരം അക്രമ സംഭവങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിലും പ്രവാസി സമൂഹത്തിനിടയിലും വലിയ ആശങ്ക പടർത്തുകയാണ്.