അല്‍ഹസ: സൗദി അറേബ്യയിലെ അല്‍ഹസയില്‍ ഒരു കുടുംബത്തിലെ അഞ്ചു സഹോദരങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. യുവാവും സഹോദരിമാരായ നാല് പേരുമാണ് മരിച്ചത്. അല്‍ഹസ ഗവര്‍ണറേറ്റിലെ ശുഅബയിലുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് അഞ്ചുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

14നും 22നും ഇടയില്‍ പ്രായമുള്ള സഹോദരിമാരാണ് മരിച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. സംഭവം നടക്കുമ്പോള്‍ മാതാപിതാക്കള്‍ വീട്ടിലില്ലായിരുന്നു. തിരികെയെത്തിയ പിതാവ് വിളിച്ചിട്ടും കുട്ടികള്‍ പ്രതികരിക്കാത്തത് കൊണ്ട് വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് അഞ്ചുപേരെയും മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തു നിന്ന് വിരലടയാളം ഉള്‍പ്പെടെയുള്ള വിശാദംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ പരിശോധനയ്ക്കായി ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിലേക്ക് അയച്ചെന്നും റിപ്പോര്‍ട്ട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും പൊലീസ് അറിയിച്ചു.