അമ്മയുടെയും അച്ഛന്‍റെയും സ്നേഹം അനുഭവിച്ച് വളരേണ്ട ആ കുഞ്ഞുമോള്‍ക്ക് തന്‍റെ സ്വന്തമായ രണ്ടുപേര്‍ ഇനി ഈ ഭൂമിയിലില്ലെന്ന് സത്യം പോലും മനസ്സിലായിട്ടില്ല. 

റിയാദ്: സ്വന്തം അച്ഛനും അമ്മയും ഈ ലോകത്ത് ഇനിയില്ലെന്ന് മനസ്സിലാക്കാനുള്ള പ്രായം പോലും ആയില്ല അവള്‍ക്ക്. അഞ്ച് വയസ്സുകാരിയുടെ നിഷ്കളങ്കതയോടെ അവള്‍ സംസാരിച്ച് തുടങ്ങുമ്പോള്‍ കേട്ടുനില്‍ക്കുന്നവരുടെ കണ്ണ് നിറയും. ഇങ്ങനെയൊരു അനുഭവം ഒരു കുഞ്ഞിനും ഉണ്ടാകരുതേയെന്ന് ആഗ്രഹിച്ച് പോകും. ആരാധ്യ സൗദിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയാണ്, അതേ വിമാനത്തില്‍ അവളുടെ മാതാപിതാക്കളുടെ ചേതനയറ്റ ശരീരങ്ങള്‍ ഉണ്ടെന്ന് അറിയാതെ.

ചൊവ്വാഴ്ച പുലര്‍ത്ത എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കുക. സൗദി അറേബ്യയിലെ പ്രവാസികളെ വളരെയേറെ വേദനപ്പിച്ച സംഭവമാണ് കഴിഞ്ഞ മാസം ഉണ്ടായത്. ഓഗസ്റ്റ് 28 ബുധനാഴ്ചയാണ് സൗദിയിലെ അല്‍ഖോബാറിലെ തുഖ്ബയിലെ താമസസ്ഥലത്ത് പ്രവാസി മലയാളിയായ കൊല്ലം തൃക്കരുവ സ്വദേശി നടുവിലച്ചേരി മംഗലത്തുവീട്ടില്‍ അനൂപ് മോഹന്‍ (37), ഭാര്യ രമ്യമോള്‍ വസന്തകുമാരി (28)എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകളായ അഞ്ചു വയസ്സുകാരി ആരാധ്യയുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് പൊലീസെത്തി വാതില്‍ ബലം പ്രയോഗിച്ച് തുറക്കുകയും ചെയ്തപ്പോഴാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Read Also -  വാഹനമിറങ്ങി നടക്കുന്നതിനിടെ റോഡരികിൽ കുഴഞ്ഞു വീണു; പ്രവാസി മലയാളി മരിച്ചു

അടുക്കളയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് അനൂപിനെ കണ്ടെത്തിയത്. രമ്യയുടെ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു. രമ്യയുടെ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു. സന്ദര്‍ശക വിസയിലാണ് രമ്യയും ആരാധ്യയും സൗദിയിലെത്തിയത്. അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട ആരാധ്യയെ സൗദി പൊലീസ് താല്‍ക്കാലിക സംരക്ഷണത്തിന് ലോക കേരളസഭാ അംഗവും സാമൂഹിക പ്രവര്‍ത്തകനുമായ നാസ് വക്കത്തിനെ ഏല്‍പ്പിക്കുകയായിരുന്നു. 

നാസ് വക്കത്തിന്‍റെ ഇടപെടലിലൂടെ അനൂപി​ന്‍റെ പേരിൽ അൽഅഹ്​സയിൽ ഉണ്ടായിരുന്ന 1,77,000 റിയാലി​ന്‍റെ സാമ്പത്തിക കേസും ദമ്മാമിൽ ഒരു സ്വദേശി നൽകിയ 36,000 റിയലി​ന്‍റെ സാമ്പത്തിക കേസും പിൻവലിപ്പിച്ചതിന് ശേഷം തുടർനടപടികൾ വേഗത്തിൽ പൂർത്തിയാക്കി. തുടര്‍ന്ന് ദമ്മാം മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയച്ചത്. ഇതേ വിമാനത്തില്‍ ആരാധ്യയും കൊണ്ട് നാസ് വക്കവും നാട്ടിലേക്ക് പോയി. അനൂപ് മോഹൻ 12 വർഷമായി തുഖ്​ബ സനാഇയ്യയിൽ പെയിൻറിങ് വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു. അനൂപിന് സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരുന്നതായാണ് വിവരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം