അബുദാബി: ലോകമെമ്പാടും കൊവിഡ് 19 വൈറസ് ബാധ പരക്കുന്ന സാഹചര്യത്തില്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടികളുമായി യുഎഇ ഭരണകൂടം. ബോധപൂര്‍വം രോഗം പരത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

2014ല്‍ പ്രാബല്യത്തില്‍ വന്ന യുഎഇ സാംക്രമിക രോഗ നിയമപ്രകാരം, ബോധപൂര്‍വം രോഗം പരത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷയും അര ലക്ഷം ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും. മറ്റുള്ളവരിലേക്ക് അസുഖം പരത്താന്‍ കാരണമാകുന്ന പ്രവൃത്തികള്‍ ക്രിമിനല്‍ കുറ്റമായാണ് കണക്കാക്കുന്നത്. ഇതൊടൊപ്പം ആര്‍ക്കെങ്കിലും സാംക്രമിക രോഗമുണ്ടെന്ന് അറിയുകയോ അല്ലെങ്കില്‍ സംശയിക്കുകയോ അതുമല്ലെങ്കില്‍ സാംക്രമിക രോഗം കാരണമായി ഒരാള്‍ മരണപ്പെടുകയോ ചെയ്താല്‍ ഇക്കാര്യം ബന്ധപ്പെട്ട അധികൃതരെ അറിയിക്കേണ്ടത് പൊതുജനങ്ങളുടെ ബാധ്യതയാണ്. ഇത് പാലിക്കാത്തവര്‍ക്കും മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയും 10,000 ദിര്‍ഹം പിഴയും.

വിദേശ രാജ്യങ്ങളില്‍ നിന്നുവരുന്നവര്‍ നിര്‍ബന്ധിത നിരീക്ഷണത്തില്‍ പോകുന്നത് ഉള്‍പ്പെടെ കൊവിഡ് പ്രതിരോധത്തിനായി അധികൃതര്‍ നിര്‍ദേശിച്ച എല്ലാ മുന്‍കരുതല്‍ നടപടികളും കര്‍ശനമായി പാലിക്കണമെന്ന് യുഎഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് അല്‍ ശംസി ആവശ്യപ്പെട്ടിരുന്നു. ഇത് ലംഘിക്കുന്നത് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ഇതോടൊപ്പം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.