Asianet News MalayalamAsianet News Malayalam

നാടിന്‍റെ കരുതലില്‍ നിരീക്ഷണകാലം: സൗദിയില്‍ നിന്നെത്തിയ പ്രവാസി മലയാളികള്‍ കരിപ്പൂരിലിറങ്ങി

 സൗദി സമയം ഉച്ചക്ക് 12.45ന് റിയാദ് കിങ് ഖാലിദ് എയര്‍പോര്‍ട്ടില്‍ നിന്നാണ് പ്രവാസികളുമായി എയര്‍ ഇന്ത്യയുടെ എ ഐ 922 വിമാനം പറന്നുയര്‍ന്നത്.  

flight from saudi reached Karipur
Author
Karipur, First Published May 8, 2020, 8:21 PM IST

റിയാദ്: സൗദിയില്‍ നിന്ന് കരിപ്പൂരെത്തിയ പ്രവാസികള്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങി തുടങ്ങി. വീട്ടിൽ നിരീക്ഷണത്തിൽ കഴിയേണ്ടവരാണ് പുറത്തിറങ്ങിയത്. എയര്‍ ഇന്ത്യയുടെ എ ഐ 922 വിമാനത്തില്‍ 152 പ്രവാസികളാണ് ഇന്ന് കരിപ്പൂരെത്തിയത്. 84 ഗര്‍ഭിണികളും 22 കുട്ടികളും സംഘത്തിലുണ്ട്. സൗദി സമയം ഉച്ചക്ക് 12.45ന് റിയാദ് കിങ് ഖാലിദ് എയര്‍പോര്‍ട്ടില്‍ നിന്നാണ് പ്രവാസികളുമായി എയര്‍ ഇന്ത്യയുടെ എ ഐ 922 വിമാനം പറന്നുയര്‍ന്നത്.  

ബോഡി, ലഗേജ്, ചെക്ക് ഇന്‍, എമിഗ്രേഷന്‍ നടപടികള്‍ക്ക് ശേഷം ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായ പ്രാഥമിക ആരോഗ്യ പരിശോധനകളും നടത്തിയാണ് പ്രവാസികളെ വിമാനത്തില്‍ കയറ്റിയത്. തെര്‍മല്‍ ക്യാമറ സ്കാനിങ് ടെസ്റ്റും സാധാരണ രീതിയിലെ ശരീരോഷ്മാവ് പരിശോധനയുമാണ് നടത്തിയത്. 
കൊവിഡ് പ്രതിസന്ധിയില്‍ സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി പ്രകാരമുള്ള ആദ്യ വിമാനമാണ് റിയാദില്‍ നിന്ന് കരിപ്പൂരില്‍ എത്തിയത്. എല്ലാ യാത്രക്കാരും മാസ്കും ഗ്ലൗസുകളും ധരിച്ചിട്ടുണ്ട്. 

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ആരോഗ്യ മുന്‍കരുതല്‍ നടപടികളെടുത്തും അതിന് അനുയോജ്യമായ വേഷമണിഞ്ഞുമായിരുന്നു വിമാനത്തിലെ ജീവനക്കാര്‍ യാത്രക്കാരെ വരവേറ്റത്. വളരെ പ്രായം ചെന്ന വീല്‍ചെയര്‍ യാത്രക്കാരുമുണ്ട്. കൊല്ലം മടത്തറ സ്വദേശി ഷാജു രാജന്‍ അര്‍ബുദ ചികിത്സക്ക് വേണ്ടിയാണ് നാട്ടിലേക്ക് എത്തിയത്. 

റിയാദില്‍  ഡ്രൈവറായ ഷാജു തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയ്ക്കായാണ് നാട്ടിലേക്ക് വന്നത്. എന്നാല്‍ കോഴിക്കോട് ഇറങ്ങിയ ശേഷം അവിടെ നിന്ന് തിരുവനന്തപുരത്ത് എത്താനുള്ള താല്‍ക്കാലികമായ സാങ്കേതിക ബുദ്ധിമുട്ട് പരിഗണിച്ച് ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഇടപെട്ട് കോഴിക്കോട് എംവിആര്‍ ക്യാന്‍സര്‍ സെന്ററില്‍  താല്‍ക്കാലികമായി തങ്ങാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios