Asianet News MalayalamAsianet News Malayalam

പ്രവാസികള്‍ക്ക് യുഎഇയിലേക്കുള്ള സര്‍വ്വീസുകള്‍ ജൂലൈ 12 മുതല്‍

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ്, കോള്‍ സെന്റര്‍, അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ എന്നിവ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. യുഎഇയില്‍ താമസവിസയുള്ളവര്‍ക്കാണ് നിലവില്‍ അവസരം. 

flight services to uae starts on july 12
Author
New Delhi, First Published Jul 10, 2020, 8:52 AM IST

അബുദാബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് മടങ്ങുന്നവര്‍ക്കായി ജൂലൈ 12 മുതല്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നു. വന്ദേ ഭാരത് മിഷനില്‍ ഉള്‍പ്പെടുത്തിയാണ് സര്‍വ്വീസുകള്‍ തുടങ്ങുന്നത്. 

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ്, കോള്‍ സെന്റര്‍, അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ എന്നിവ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. യുഎഇയില്‍ താമസവിസയുള്ളവര്‍ക്കാണ് നിലവില്‍ അവസരം. കേരളത്തില്‍ നിന്ന് 51 വിമാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊച്ചി 21, കോഴിക്കോട് 15, തിരുവനന്തപുരം ഒമ്പത് കണ്ണൂര്‍ ആറ് എന്നിങ്ങനെയാണ് വിമാന സര്‍വ്വീസുകളുള്ളത്. അബുദാബി, ഷാര്‍ജ വിമാനത്താവളങ്ങളിലേക്കാണ് സര്‍വ്വീസുകള്‍. 

മടങ്ങുന്ന യാത്രക്കാര്‍ യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെ വെബ്‌സൈറ്റില്‍  രജിസ്റ്റര്‍ ചെയ്ത് അനുമതി ലഭിച്ച ശേഷം വേണം ടിക്കറ്റെടുക്കാന്‍. എല്ലാ യാത്രക്കാരും അംഗീകൃത ലാബില്‍ നിന്നും യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളില്‍ കൊവിഡ് പരിശോധന നടത്തിയതിന്റെ നെഗറ്റീവ് ഫലം കൈവശം സൂക്ഷിക്കണം. ഹെല്‍ത്ത് ഡിക്ലറേഷന്‍ ഫോം, ക്വാറന്റീന്‍ അണ്ടര്‍റ്റേക്കിങ് ഫോം എന്നിവ സമര്‍പ്പിക്കണം. കൂടാതെ കൊവിഡുമായി ബന്ധപ്പെട്ട് യുഎഇ പുറത്തിറക്കിയ ഡിഎക്‌സ്ബി സ്മാര്‍ട്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും വേണം.

ഇപ്പോള്‍ രാജ്യത്തുള്ള പ്രവാസികളില്‍ യുഎഇയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ വന്ദേ ഭാരത് വിമാനങ്ങളില്‍ കൊണ്ടുപോകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇന്ത്യയും യുഎഇയും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണ് പ്രവാസികള്‍ക്ക് മടങ്ങാന്‍ 15 ദിവസത്തേക്ക് അവസരമൊരുങ്ങുന്നത്.

Follow Us:
Download App:
  • android
  • ios