റിയാദ്: വന്ദേഭാരത് മിഷന്‍ ആറാം ഘട്ടത്തില്‍ സൗദിയില്‍ കേരളത്തിലേക്ക് 9 വിമാനങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലേക്ക് 19 സര്‍വീസുകള്‍. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 14 വരെയുള്ള ഷെഡ്യൂളില്‍ ഒമ്പത് സര്‍വിസുകള്‍ കേരളത്തിലേക്കാണ്. ജിദ്ദയില്‍ നിന്നും ഡല്‍ഹി, ലക്‌നൗ എന്നിവിടങ്ങളിലേക്ക് മാത്രമാണ് സര്‍വിസുകള്‍. കേരളത്തിലേക്ക് ദമ്മാമില്‍ നിന്നും ആറും റിയാദില്‍ നിന്ന് മൂന്നും സര്‍വിസുകളാണുള്ളത്. ദമ്മാമില്‍ നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് രണ്ടു വീതവും കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് ഓരോ സര്‍വിസുമാണുള്ളത്.  

റിയാദില്‍ നിന്നും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഓരോ സര്‍വിസുകള്‍ വീതമുണ്ട്. ജിദ്ദയില്‍ നിന്നും ഡല്‍ഹിയിലേക്ക് രണ്ടും ഡല്‍ഹി വഴി ലക്‌നൗവിലേക്ക് ഒരു സര്‍വിസും മാത്രമാണുള്ളത്. എയര്‍ ഇന്ത്യ ആയിരിക്കും ഈ റൂട്ടില്‍ സര്‍വിസ് നടത്തുക. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് കേരളത്തിലേക്ക് സര്‍വിസുകള്‍ നടത്തുന്നത്.

സെപ്റ്റംബര്‍ നാലിന് ദമ്മാം-തിരുവന്തപുരം, അഞ്ചിനും ഏഴിനും ദമ്മാം-കോഴിക്കോട്, ഏഴിന് റിയാദ്-തിരുവനന്തപുരം, എട്ടിന് ദമ്മാം-കൊച്ചി, 12ന് റിയാദ്-കൊച്ചി, 13ന് റിയാദ്-കോഴിക്കോട്, 13ന് ദമ്മാം-തിരുവന്തപുരം, 14ന് ദമ്മാം-കണ്ണൂര്‍ എന്നിങ്ങനെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കേരളത്തിലേക്ക് നടത്തുന്ന സര്‍വിസുകള്‍. സെപ്റ്റംബര്‍ ആറിന് ദമ്മാം-ചെന്നൈ, ഏഴിന് ദമ്മാം-ഹൈദരാബാദ്, എട്ടിന് റിയാദ്-ചെന്നൈ, ഒമ്പതിന് റിയാദ്-ഹൈദരാബാദ് എന്നിവയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തുന്ന മറ്റു സര്‍വീസുകള്‍.

റിയാദില്‍ നിന്നും ചെന്നൈ, ശ്രീനഗര്‍ എന്നിവിടങ്ങളിലേക്കും ദമ്മാമില്‍ നിന്നും ബംഗളുരുവിലേക്കും ഇന്‍ഡിഗോ കമ്പനിയാണ് സര്‍വിസ് നടത്തുക. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അതത് വിമാനക്കമ്പനികളുടെ ടിക്കറ്റിങ് ഓഫീസില്‍ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകള്‍ വാങ്ങാം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റുകള്‍ ഓണ്‍ലൈനിലും കിട്ടും.