900 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള ഈ ഫ്‌ലോട്ടിങ് ഹൗസുകളില്‍ നാല് കിടപ്പുമുറികളാണുള്ളത്. ജോലിക്കാര്‍ക്കുള്ള രണ്ടു മുറികള്‍, ബാല്‍ക്കണി, ഗ്ലാസ് സ്വിമ്മിങ് പൂള്‍ തുടങ്ങിയ സൗകര്യങ്ങളും കടല്‍ വീടുകളിലുണ്ട്.

റാസല്‍ഖൈമ: യുഎഇയില്‍ കടലില്‍ പൊങ്ങിക്കിടക്കുന്ന ആഢംബര വീടുകളുടെ വില്‍പ്പന ആരംഭിച്ചു. പ്രമുഖ കപ്പല്‍ നിര്‍മ്മാണ കമ്പനിയായ സീ ഗേറ്റ് ആണ് ലോകത്തിലെ ആദ്യ പ്രകൃതി സൗഹൃദ കടല്‍ വീടുകള്‍ നിര്‍മ്മിക്കുന്നത്. ആദ്യ വീട് വാങ്ങിയതാകട്ടെ ഒരു ഇന്ത്യക്കാരനും.

ആദ്യ വീട് വാങ്ങിയത് ദുബൈയിലെ ഇന്ത്യന്‍ വ്യവസായിയായ ബല്‍വീന്ദര്‍ സഹാനിയാണ്. 39 കോടി രൂപ(20 മില്യന്‍ ദിര്‍ഹം) മുടക്കിയാണ് സഹാനി ഈ പദ്ധതിയിലെ ആദ്യത്തെ കടല്‍വീട് വാങ്ങിയത്. 900 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള ഈ ഫ്‌ലോട്ടിങ് ഹൗസുകളില്‍ നാല് കിടപ്പുമുറികളാണുള്ളത്. ജോലിക്കാര്‍ക്കുള്ള രണ്ടു മുറികള്‍, ബാല്‍ക്കണി, ഗ്ലാസ് സ്വിമ്മിങ് പൂള്‍ തുടങ്ങിയ സൗകര്യങ്ങളും കടല്‍ വീടുകളിലുണ്ട്.

റാസല്‍ഖൈമയിലെ അല്‍ ഹംറ തുറമുഖത്ത് നീറ്റിലിറക്കുന്ന ഈ വീടുകള്‍ ദുബൈ തീരത്താണ് സ്ഥിരമായി ഉണ്ടാകുക. ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് ഇടയ്ക്കിടെ കടലില്‍ വീടിന്റെ സ്ഥാനം മാറ്റാനും കഴിയും. കമ്പനിയുടെ പദ്ധതി അനുസരിച്ച് 156 മുറികളുള്ള വലിയ ആഢംബര ഹോട്ടല്‍, ചുറ്റും ഒഴുകി നടക്കുന്ന 12 ബോട്ടുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഭീമന്‍ റിസോര്‍ട്ട് പദ്ധതി 2023ല്‍ പൂര്‍ത്തിയാക്കും.