ദുബായ്: കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തില്‍ ദുബായിയുടെ ബജറ്റ് എയര്‍ലൈന്‍ ഫ്‌ളൈ ദുബായ് ഈ മാസം 31 വരെ ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തിവച്ചു. വിദേശത്തുള്ള പൗരന്‍മാരോട് രാജ്യത്തേക്ക് മടങ്ങിവരാന്‍ യുഎഇ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതേസമയം യുഎഇയുടെ വിസ നിയന്ത്രണ നടപടികള്‍ ട്രാന്‍സിറ്റ് യാത്രക്കാരെ ബാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

കൊവിഡ് 19ന്റെ പശ്ചാതലത്തില്‍ ഇന്ത്യയിലേക്കുള്ള സര്‍വീസുകളെല്ലാം ഫ്‌ളൈ ദുബായി നിര്‍ത്തിവച്ചു. കോഴിക്കോട്, കൊച്ചി, മുംബൈ, ചെന്നൈ, ഹൈദരബാദ് എന്നിവിടങ്ങളിലേയ്ക്കടക്കം എട്ട് കേന്ദ്രങ്ങളിലേക്കാണ് ഈ മാസം 31വരെ സര്‍വീസ് ഉണ്ടാകില്ല. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് യാത്ര നീട്ടിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. 

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ് എന്നിവ നേരത്തെ വിമാന സമയങ്ങളില്‍ പുനഃക്രമീകരണം നടത്തിയിരുന്നു. ചില വിമാനങ്ങള്‍ ചില ദിവസങ്ങളില്‍ സര്‍വീസ് ഉപേക്ഷിക്കുകയും വെട്ടിച്ചുരുക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രവാസികളുടെ നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകള്‍ പ്രതിസന്ധിയിലാകുമെന്ന് ഉറപ്പായി. 

അതേസമയം യുഎഇയുടെ വിസാ നിയന്ത്രണ നടപടികള്‍ ട്രാന്‍സിറ്റ് യാത്രക്കാരെ ബാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളങ്ങളില്‍ എല്ലാ യാത്രക്കാരെയും നിരീക്ഷിക്കുന്നുണ്ട്. തെര്‍മല്‍ ക്യാമറകളുടെ നിരീക്ഷണത്തില്‍ സംശയം തോന്നുന്നവരെ കൂടുതല്‍ പരിശോധനയ്ക്കു വിധേയമാക്കും. 

യാത്രക്കാരുടെ സ്വകാര്യത ഉറപ്പാക്കി കഴിയും വേഗം പരിശോധനകള്‍ക്കു വിധേയമാക്കി പോകാന്‍ അനുവദിക്കും വിധത്തിലാണ് സംവിധാനം. വിദേശത്തുള്ള പൗരന്‍മാരോട് രാജ്യത്തേക്ക് മടങ്ങിവരാന്‍ യുഎഇ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് കൂടുതല്‍ യാത്രാബുദ്ധിമുട്ടുകളുണ്ടാകാനുള്ള സാഹചര്യത്തിലാണ് നിര്‍ദേശമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

വിദേശ രാജ്യങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരും വിദ്യാര്‍ത്ഥികളും അതാത് രാജ്യങ്ങളിലെ എംബസികളെ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം ലോകം കൊവിഡ് 19നെ കീഴടക്കുമെന്നും മറ്റു രാജ്യങ്ങളില്‍ നിന്നും യുഎഇ ഏറെ മെച്ചപ്പെട്ട നിലയിലാണെന്നും അബുദാബി കിരീടീവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.