ദുബൈ:  നവംബർ 26 മുതൽ ദുബൈയില്‍ നിന്ന് ടെൽ അവീവിലേക്കും തിരിച്ചും വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഫ്ലൈ ദുബൈ അറിയിച്ചു. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് ടെൽ അവീവ് ബെൻ ഗുരിയന്‍ വിമാനത്താവളത്തിലേക്ക് ദിവസം രണ്ട് വിമാനങ്ങളുണ്ടാകും. 

ഇരു നഗരങ്ങള്‍ക്കുമിടയില്‍ ആഴ്ചയിൽ 14 സർവീസുകളാണ് ഇപ്പോള്‍ ഫ്ലൈ ദുബൈ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വിമാനങ്ങളിലേക്ക് ഫ്ലൈ ദുബൈയുടെ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്കിങും ആരംഭിച്ചിട്ടുണ്ട്. യുഎഇയും ഇസ്രയേലും ഒപ്പുവെച്ച വ്യോമഗതാഗത കരാറിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിമാന സര്‍വീസുകള്‍ തുടങ്ങിയത്. യാത്രാ, ടൂറിസം അവസരങ്ങൾ തുറന്നതോടെ നിരവധി ഉഭയകക്ഷി സന്ദർശനങ്ങളും ഇതിനോടകം നടന്നിട്ടുണ്ട്.