വിമാനം പറത്താനെത്തിയ പൈലറ്റ് അമിതമായി മദ്യപിച്ചിട്ടുണ്ടെന്ന് ജീവനക്കാര്‍ തന്നെയാണ് സംശയിച്ചത്. ഇക്കാര്യം അധികൃതരെ അറിയിച്ചതോടെ പൈലറ്റിനെ മെഡിക്കല്‍ പരിശോധനയ്‌ക്ക് വിധേയമാക്കി.
കാഠ്മണ്ഡു: പൈലറ്റ് മദ്യപിച്ച് ജോലിക്കെത്തിയത് കാരണം ഫ്ലൈ ദുബായ് വിമാനം 10 മണിക്കൂറിലേറെ വൈകി. കാഠ്മണ്ഡുവില്‍ നിന്ന് ദുബായിലേക്ക് സര്‍വ്വീസ് നടത്തുന്ന FZ 8018 വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയവരാണ് വലഞ്ഞത്.
വിമാനം പറത്താനെത്തിയ പൈലറ്റ് അമിതമായി മദ്യപിച്ചിട്ടുണ്ടെന്ന് ജീവനക്കാര്‍ തന്നെയാണ് സംശയിച്ചത്. ഇക്കാര്യം അധികൃതരെ അറിയിച്ചതോടെ പൈലറ്റിനെ മെഡിക്കല്‍ പരിശോധനയ്‌ക്ക് വിധേയമാക്കി. രക്തത്തില്‍ അനുവദനീയമായ അളവിലും കൂടുതല്‍ ആല്‍ക്കഹോള്‍ അംശം കണ്ടെത്തിയതോടെ വിമാനം പറത്താന്‍ ഇയാളെ അനുവദിക്കാനാവില്ലെന്ന് അധികൃതര്‍ തീരുമാനിച്ചു. ഇതോടെയാണ് വിമാനം അനിശ്ചിതമായി വൈകിയത്.
യാത്രക്കാരോട് ഫ്ലൈ ദുബായ് അധികൃതര്‍ മാപ്പപേക്ഷിച്ചു. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ അല്‍പ്പം പോലും വിട്ടുവീഴ്ച കാണിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. ജീവനക്കാര്‍ ജോലി സമയത്ത് മദ്യപിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടിയും എടുക്കും. മദ്യപിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നവരെ മെഡിക്കല്‍ പരിശോധനയ്‌ക്ക് വിധേയമാക്കും. ഇടയ്‌ക്കിടെ പൊതുവായ പരിശോധനകളും നടത്തുമെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വിമാനത്തിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്‌ക്കാണ് തങ്ങള്‍ ആദ്യപരിഗണന നല്‍കുന്നതെന്ന് വ്യക്തമാക്കിയ ഫ്ലൈ ദുബായ് പിന്നീട് എല്ലാവര്‍ക്കും ദുബായിലേക്ക് തിരിക്കാനുള്ള ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഏര്‍പ്പെടുത്തിയതായും യാത്രക്കാരെ അറിയിച്ചു. കാഠ്മണ്ഡുവില്‍ നിന്ന് ദുബായിലേക്ക് പ്രതിവാരം 14 വിമാന സര്‍വ്വീസുകളാണ് ഫ്ലൈ ദുബായ് നടത്തുന്നത്.
