അമേരിക്കൻ കമ്പനിയായ ആർച്ചറിന്റെ മിഡ് നൈറ്റ് എയർ ക്രാഫ്റ്റുകളാണ് പരീക്ഷണ പറക്കൽ നടത്തുന്നത്
അബുദാബി: അബുദാബിയുടെ ആകാശ വീഥികൾ സ്വന്തമാക്കാൻ പറക്കും ടാക്സികൾ ഉടനെത്തും. സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി അബുദാബിയിൽ ഈ മാസം മുതൽ എയർ ടാക്സികളുടെ പരീക്ഷണ പറക്കൽ നടക്കും. അമേരിക്കൻ കമ്പനിയായ ആർച്ചറിന്റെ മിഡ് നൈറ്റ് എയർ ക്രാഫ്റ്റുകളാണ് പരീക്ഷണ പറക്കൽ നടത്തുന്നത്. ഈ വർഷം അവസാനത്തോടെ എയർ ടാക്സികളുടെ സർവീസ് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.
അബുദാബി ഏവിയേഷനും ആർച്ചർ കമ്പനിയും തമ്മിൽ പറക്കും ടാക്സികൾ വാങ്ങുന്നതിനുള്ള കരാറിൽ ഈയിടെയാണ് ഒപ്പുവെച്ചത്. പൈലറ്റുമാർക്ക് എയർ ടാക്സികൾ പറത്തുന്നതിനുള്ള പരിശീലനം നൽകുന്നതിനും ടാക്സി നടത്തിപ്പിലും ആർച്ചർ കമ്പനി അബുദാബി ഏവിയേഷനുമായി സഹകരിച്ച് പ്രവർത്തിക്കും. സർവീസിന്റെ പ്രാരംഭ ഘട്ടത്തിൽ പൈലറ്റുമാരെയും സാങ്കേതിക പ്രവർത്തകരെയും എൻജിനീയർമാരെയും നൽകുമെന്ന് ആർച്ചർ കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്. കൂടാതെ, എയർ ടാക്സി തുടങ്ങുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ടിക്കറ്റ് ബുക്കിങ്ങിനുള്ള സാങ്കതിക സൗകര്യങ്ങളും ആർച്ചർ കമ്പനി ഒരുക്കുന്നതായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
യുഎഇയിൽ പറക്കും ടാക്സികൾ ആരംഭിക്കുന്ന ആദ്യ കമ്പനിയാണ് ആർച്ചർ. ഇതിന്റെ മിഡ്നൈറ്റ് എയർ ക്രാഫ്റ്റുകളിൽ പൈലറ്റിനെ കൂടാതെ നാല് പേർക്ക് കൂടി യാത്ര ചെയ്യാം. വിമാനങ്ങൾ സർവീസ് നടത്തുന്നതിലെ ഏറ്റവും കുറഞ്ഞ ഇടവേളകളിൽ സർവീസ് നടത്താൻ പാകത്തിനാണ് എയർ ടാക്സികൾ രൂപകൽപന ചെയ്തിരിക്കുന്നത്. കാറിൽ ഒന്നര മണിക്കൂർ വേണ്ടി വരുന്ന യാത്രകൾക്ക് പറക്കും ടാക്സിയിൽ വെറും 10 മുതൽ 30 മിനിട്ട് വരെ മാത്രം മതിയാകും.
രാജ്യത്തെ എമിറേറ്റുകൾക്കുള്ളിലും എമിറേറ്റുകൾക്കിടയിലും എളുപ്പത്തിൽ സഞ്ചരിക്കുന്നതിനായാണ് പറക്കും ടാക്സികളുടെ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ദുബൈയ്ക്കും അബുദാബിക്കും ഇടയിൽ യാത്ര ചെയ്യാനായി പറക്കും ടാക്സിയിൽ 800 മുതൽ 1500 ദിർഹം ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ദുബൈയ്ക്കുള്ളിൽ മാത്രം യാത്ര ചെയ്യാനായി 350 ദിർഹമാണ് പ്രതീക്ഷിക്കുന്ന ചെലവ്. കരാർ പ്രകാരം, മിഡ്നൈറ്റ് എയർ ക്രാഫ്റ്റുകൾ യുഎഇക്ക് ഉള്ളിൽ തന്നെയായിരിക്കും നിർമിക്കുന്നത്. ഇവിടെ നിന്നായിരിക്കും ഉൽപ്പന്നങ്ങൾ മറ്റ് രാജ്യങ്ങളിലേക്കും എത്തിക്കുന്നത്.
read more: റെസിഡൻസി മാറ്റുന്നതിനുള്ള നിയന്ത്രണങ്ങൾ റദ്ദാക്കി; പ്രവാസികൾക്ക് സന്തോഷ വാർത്ത
രാജ്യത്ത് എയർ ടാക്സി സേവനങ്ങൾ നൽകാൻ മറ്റൊരു കമ്പനിയായ ജോബിയും ഒരുങ്ങുന്നുണ്ട്. പറക്കും ടാക്സികൾക്കായുള്ള ആദ്യ കൊമേഷ്യൽ വെർട്ടിപോർട്ടിന് ദുബൈ ഇന്റർനാഷനൽ വെർട്ടിപോർട്ട് എന്നാണ് പേരിട്ടിരിക്കുന്നത്. 3,100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഈ സ്റ്റേഷന് പ്രതിവര്‍ഷം 42,000 ലാന്‍ഡിംഗുകളും 1,70,000 യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുമുണ്ടാകും.
