കണ്ണൂര്‍: കണ്ണൂരില്‍ അന്താരാഷ്ട്രാ വിമാനത്താവളം എന്ന കേരളത്തിന്‍റെ സ്വപ്നം പൂവണിഞ്ഞിട്ട് മാസങ്ങള്‍ പിന്നിടുകയാണ്. ആഭ്യന്തര വിമാനങ്ങള്‍ കണ്ണൂരില്‍ പറന്നിറങ്ങുന്നുണ്ടെങ്കിലും വിദേശ വിമാനത്തിന്‍റെ ചക്രം പതിയാനുള്ള ഭാഗ്യം ഇതുവരെയും സാധ്യമായില്ല. വിദേശ വിമാനകമ്പനികള്‍ക്ക് കണ്ണൂരില്‍ പറന്നിറങ്ങണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിക്കണം. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനസര്‍ക്കാരും വിമാനത്താവള അധികൃതരും ഊര്‍ജിതമാക്കിയിട്ടുണ്ട്.

അതിനിടയിലാണ് കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ അനന്തമായ സാധ്യതകള്‍ പങ്കുവച്ച് കിയാല്‍ എംഡി വി തുളസീദാസ് രംഗത്തെത്തിയത്. ഗൾഫ് മേഖലയിൽ നിന്നുള്ള എല്ലാ വിമാനക്കമ്പനികളും കണ്ണൂരിലേക്കുള്ള വിമാന സര്‍വ്വീസിന് തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ്, എയർ അറേബ്യ, എത്തിഹാദ്, ഒമാൻ എയർ, ഖത്തർ എയർവേയ്‌സ്, സൗദിയ, കുവൈറ്റ് എയർവേയ്‌സ് എന്നീ വന്‍കിട കമ്പനികളെല്ലാം കണ്ണൂരിലെത്താൻ തയാറാണെന്ന് തുളസീദാസ് അറിയിച്ചു.

സിൽക്ക് എയറും മലിൻഡോയും എയർ ഏഷ്യയും കണ്ണൂരിലേക്ക് വിമാനസര്‍വ്വീസ് നടത്താന്‍ സജ്ജമാണ്. എന്നാല്‍ വിദേശ വിമാനക്കമ്പനി കൾക്കുള്ള പ്രവർത്തനാനുമതി കേന്ദ്രം നല്‍കേണ്ടതുണ്ട്. ഇത് സാധ്യമായാല്‍ കണ്ണൂർ വിമാനത്താവളം രക്ഷപ്പെടുമെന്നും തുളസീദാസ് കൂട്ടിച്ചേര്‍ത്തു. സ്മാര്‍ട്ട് ഡ്രൈവ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തുളസീദാസ് നിലപാട് വ്യക്തമാക്കിയത്.

അഭിമുഖത്തിന്‍റെ പൂര്‍ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക