മക്ക: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ ഇന്ന് സൗദി അറേബ്യയിലെത്തും. കര്‍ശന ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ പാലിച്ചാണ് എട്ട് മാസത്തെ ഇടവേളയ്ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് അനുമതി നല്‍കുന്നത്. തീര്‍ത്ഥാടകരെ വഹിച്ചുള്ള ആദ്യ വിമാനം ജിദ്ദ വിമാനത്താവളത്തിലെത്തുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പാസ്‌പോര്‍ട്ട് കൗണ്ടറുകളും മറ്റ് സ്ഥലങ്ങളും സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുക. തീര്‍ത്ഥാടകരും വിദേശ ഏജന്‍സികളും ആഭ്യന്തര ഉംറ സേവന സ്ഥാപനങ്ങളും പാലിക്കേണ്ട നിബന്ധനകള്‍ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഇഅ്തമര്‍നാ ആപ് വഴിയാണ് ഉംറയും മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കുക. മസ്ജിദുല്‍ ഹറമിലും മസ്ജിദുന്നബവിയിലും ആവശ്യമായ സൗകര്യങ്ങള്‍ ഇരുഹറം കാര്യാലയം പൂര്‍ത്തിയാക്കിയിട്ടുണ്ട്. രാജ്യത്ത് പ്രവേശിച്ച് തിരികെ മടങ്ങുന്നതുവരെ മുഴുവന്‍ തീര്‍ത്ഥാടകരും ആരോഗ്യ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. പ്രതിരോധം, അണുവിമുക്തമാക്കല്‍, അവബോധം എന്നിവ ഉറപ്പാക്കും. ഇതിനായി വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.