റിയാദ്: സൗദി അറേബ്യയിലേക്കുള്ള വിദേശതൊഴിലാളി റിക്രൂട്ട്മെൻറ് ഇരട്ടിയായി. കഴിഞ്ഞ വർഷം പുതുതായി റിക്രൂട്ട് ചെയ്തത് ആറുലക്ഷം വിദേശികളെയെങ്കിൽ ഈ വർഷം അനുവദിച്ചത് പന്ത്രണ്ട് ലക്ഷം തൊഴില്‍ വിസകള്‍. സൗദി തൊഴിൽ സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അല്‍രാജ്ഹി അറിയിച്ചതാണ് ഇക്കാര്യം. 

സ്വകാര്യ തൊഴിൽ മേഖലയിലേക്കാണ് ഈ വർഷം ഇത്രയും വിസ ഇതുവരെ അനുവദിച്ചത്. സൗദി വിപണി പുതിയ നിക്ഷേപകരേയും സംരംഭകരേയും ആകര്‍ഷിക്കുന്നു എന്ന് ഈ കണക്ക് വെളിപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു. ചെറുകിട ഇടത്തരം സംരംഭങ്ങൾ തുടങ്ങാനും നടത്തിക്കൊണ്ടുപോകാനും വിസകൾ അനുവദിക്കാനും ആവശ്യമായ ഗവൺമെൻറ് നടപടിക്രമങ്ങൾ ലളിതവും വേഗത്തിലുമാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.