റിയാദ്: മകനെ ക്രൂരമായി മര്‍ദിച്ച സിറിയന്‍ പൗരന്‍ അറസ്റ്റില്‍. പിതാവ് മര്‍ദിക്കുന്നുവെന്ന് ബാലന്‍ പരാതിപ്പെടുന്ന ഒരു വീഡിയോ ക്ലിപ്പ് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ഇത് പിന്തുടര്‍ന്നാണ് തൊഴില്‍-സാമൂഹിക വികസന മന്ത്രാലയം അധികൃതര്‍ അന്വേഷണം നടത്തിയത്.

കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുള്ളത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതോടെയാണ് സുരക്ഷാ വകുപ്പുകളും തൊഴില്‍ സാമൂഹിക വികസന മന്ത്രാലയവും അന്വേഷണം തുടങ്ങിയത്. കുട്ടിയെ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വിലയിരുത്തി ആവശ്യമായ ചികിത്സ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചതായി തൊഴില്‍-സാമൂഹിക വികസന മന്ത്രാലയം ലക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു. അറസ്റ്റിലായ സിറിയന്‍ പൗരനെ പ്രോസിക്യൂഷന് കൈമാറും. ഇയാള്‍ക്കെതിരെ കോടതിയില്‍ ക്രിമിനല്‍ കേസ് നല്‍കാനും പ്രോസിക്യൂഷന്‍ നിര്‍ദേശിച്ചു.