മയക്കുമരുന്ന് കൈവശം വെയ്‍ക്കുകയും വില്‍പന നടത്തുകയും ചെയ്‍ത പാകിസ്ഥാന്‍ സ്വദേശിക്ക് അബുദാബി ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു.
അബുദാബി: മയക്കുമരുന്ന് കൈവശം വെയ്‍ക്കുകയും വില്‍പന നടത്തുകയും ചെയ്‍ത (possessing and selling narcotics) പാകിസ്ഥാന്‍ സ്വദേശിക്ക് അബുദാബി ക്രിമിനല്‍ കോടതി (Abu Dhabi Criminal Court) വധശിക്ഷ വിധിച്ചു. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത നിരോധിത വസ്‍തുക്കള്‍ നശിപ്പിക്കാനും കുറ്റകൃത്യം നടത്താന്‍ ഉപയോഗിച്ചിരുന്ന കാറും മൊബൈല്‍ ഫോണും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
അബുദാബി ആന്റി നര്‍ക്കോട്ടിക്സ് വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങിയത്. വിദേശത്തുള്ള ഒരു മയക്കുമരുന്ന് കടത്തുകാരനുമായി ഇയാള്‍ ബന്ധപ്പെടുന്നുണ്ടെന്നും യുഎഇയില്‍ പല സ്ഥലത്തും മയക്കുമരുന്ന് എത്തിക്കാറുണ്ടെന്നും അധികൃതരുടെ അന്വേഷണത്തില്‍ കണ്ടെത്തി.
യുഎഇയില്‍ തന്നെ താമസിക്കുന്ന മറ്റു ചിലര്‍ വഴിയാണ് വിദേശത്തുള്ള മയക്കുമരുന്ന് കടത്തുകാരന്‍ പ്രതിക്ക് വന്‍തോതില്‍ മയക്കുമരുന്ന് എത്തിച്ചിരുന്നത്. ഇത് ചെറിയ ബാഗുകളിലാക്കി രാജ്യത്ത് പല സ്ഥലങ്ങളില്‍ ഒളിപ്പിച്ചുവെയ്‍ക്കുകയായിരുന്നു രീതി. മയക്കുമരുന്നിന്റെ ഫോട്ടോയും അത് ലഭിക്കുന്നതിനായി ബന്ധപ്പെടേണ്ട വിവരങ്ങളും ഇയാള്‍ ചെറുകിട മയക്കുമരുന്ന് വില്‍പനക്കാര്‍ക്ക് കൈമാറും. ഇവരാണ് ആവശ്യക്കാരുമായി വാട്‍സ്ആപ് വഴി ബന്ധപ്പെടുകയും ആവശ്യാനുസരണം മയക്കുമരുന്ന് എത്തിച്ചുകൊടുക്കുകയും ചെയ്‍തുകൊണ്ടിരുന്നത്.
ചെറുകിട മയക്കുമരുന്ന് വ്യാപാരികള്‍ ഇവ ഒളിപ്പിച്ചുവെച്ചിരിക്കുന്ന സ്ഥലങ്ങളില്‍ പോയി അവ എടുത്ത് വേര്‍തിരിച്ച് പായ്‍ക്ക് ചെയ്‍ത് ആവശ്യക്കാര്‍ക്ക് എത്തിക്കുകയായിരുന്നു രീതി. പിടിക്കപ്പെടുമെന്ന് ഭയന്ന് പ്രതി, ഒരിക്കലും മറ്റ് ഇടപാടുകാരുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നില്ല. പൊലീസ് നടത്തിയ രഹസ്യാന്വേഷണത്തില്‍ ഈ ഇടപാടുകളെല്ലാം കണ്ടെത്തുകയായിരുന്നു.
ആവശ്യമായ തെളിവുകള്‍ ശേഖരിച്ച ശേഷം പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ച് ഇയാളെ അറസ്റ്റ് ചെയ്യാനും താമസ സ്ഥലവും വാഹനവും പരിശോധിക്കാനുള്ള അനുമതിയും സമ്പാദിച്ചു. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ റെയിഡിലാണ് പ്രതിയെ അറസ്റ്റ് ചെയ്‍തത്. ഇവിടെ നിന്ന് കണ്ടെത്തിയ സംശയകരമായ വസ്‍തു, ശാസ്‍ത്രീയ പരിശോധനയ്‍ക്ക് വിധേയമാക്കിയപ്പോള്‍ നിരോധിത മയക്കുമരുന്നാണെന്ന് വ്യക്തമാവുകയും ചെയ്‍തു. സാമൂഹിക മാധ്യമങ്ങളിലൂടെ മയക്കുമരുന്ന് സംബന്ധിച്ച പ്രചാരണത്തിന് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും അവിടെ നിന്ന് പിടിച്ചെടുത്തു.
