ദുബൈ: കാമുകിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വിദേശിയെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്‍തു. അല്‍ ബര്‍ഷയിലെ ഫ്ലാറ്റില്‍ വെച്ചായിരുന്നു സംഭവം. യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന ബാധയെ ഒഴിപ്പിക്കാന്‍ വേണ്ടിയാണ് ശ്വാസം മുട്ടിച്ച് കൊന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഇരുവര്‍ക്കുമിടിയില്‍ സാമ്പത്തിക കാര്യങ്ങളെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് കണ്ടെത്തി.

അല്‍ ബര്‍ഷയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ സ്‍ത്രീയുടെ മൃതദേഹം കണ്ടെത്തിയതെന്ന വാര്‍ത്തയാണ് പൊലീസിന് ലഭിച്ചതെന്ന് ദുബൈ പൊലീസ് ഫോറന്‍സിക് എവിഡന്‍സ് ആന്റ് ക്രിമിനോളജി വിഭാഗം ഡയറക്ടര്‍ കേണല്‍ മക്കി സല്‍മാന്‍ അഹ്‍മദ് പറഞ്ഞു. ഉടന്‍തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി. 30 വയസില്‍ താഴെ പ്രായമുള്ള യുവതിയുടെ മൃതദേഹം ബാത്ത്റൂമിലാണ് കിടന്നിരുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവുകളും രക്തവുമുണ്ടായിരുന്നു.

തെളിവുകള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍, സംഭവം പൊലീസിനെ അറിയിച്ച വിദേശിയിലേക്ക് തന്നെ സംശയമുന നീണ്ടു. കൊല്ലപ്പെട്ട യുവതിയും പ്രതിയും മൂന്ന് വര്‍ഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയ സമയത്തും ഇയാള്‍ അവിടെ ഉണ്ടായിരുന്നു. യുവതിയെ ഒരു പിശാച് കീഴടക്കിയെന്നും താന്‍ മര്‍ദിച്ചും ശ്വാസം മുട്ടിച്ചും അതിനെ ഒഴിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. 

ബാധ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിക്ക് അപസ്‍മാരമുണ്ടായെന്നും ചലനമറ്റ് നിലത്ത് വീണെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ കൊല്ലപ്പെട്ട യുവതിയും പ്രതിയുമായി സാമ്പത്തിക കാര്യങ്ങളില്‍ തര്‍ക്കം നിലനിന്നിരുന്നെന്ന് പൊലീസ് കണ്ടെത്തി. ഇത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. തെളിവുകള്‍ നിരത്തി പൊലീസ് ചോദ്യം ചെയ്‍തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു. മയക്കുമരുന്ന് ഉപയോഗിച്ച ശേഷം താന്‍ യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞത്.