കൂട്ടുകാരന്‍റെ കാറിലൊളിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ പരിശോധനക്കിടെ പിടികൂടി കുവൈത്തിലെ സുക്ഷാ ഉദ്യോഗസ്ഥർ. സുഹൃത്ത് ഓടിച്ച വാഹനത്തിനുള്ളിൽ ഒളിച്ചിരുന്ന് അതിർത്തി കടക്കാനായിരുന്നു പ്രതിയുടെ ശ്രമം.

കുവൈത്ത് സിറ്റി: നിരവധി സാമ്പത്തിക കേസുകളിൽ പ്രതിയായ ഗൾഫ് പൗരൻ അൽ-സൽമി അതിർത്തി വഴി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ കുവൈത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. സൗദി അതിർത്തിയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. സംഭവത്തെ തുടർന്ന് സുരക്ഷാ വീഴ്ച പരിശോധിക്കാൻ ആഭ്യന്തര മന്ത്രാലയം സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടു. സുഹൃത്ത് ഓടിച്ച വാഹനത്തിനുള്ളിൽ ഒളിച്ചിരുന്ന് അതിർത്തി കടക്കാനായിരുന്നു പ്രതിയുടെ ശ്രമം. പരിശോധനയ്ക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. പ്രതിയെ പിന്നീട് കുവൈത്ത് അധികൃതർക്ക് കൈമാറി.

പിടിയിലായ വ്യക്തിയുടെ സുരക്ഷാ രേഖകൾ പരിശോധിച്ചപ്പോൾ ഇയാൾക്കെതിരെ നിരവധി സാമ്പത്തിക കേസുകൾ നിലവിലുള്ളതായും രാജ്യം വിടുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഉള്ളതായും വ്യക്തമായി. അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ചതിന് പ്രതിക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്തിനെതിരെയും നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. അതീവ സുരക്ഷയുള്ള അതിർത്തി കടക്കാൻ ഇവർക്ക് എങ്ങനെ സാധിച്ചു എന്നതിനെക്കുറിച്ച് അധികൃതർ അന്വേഷണം തുടങ്ങി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയോ അശ്രദ്ധയോ ഉണ്ടായിട്ടുണ്ടോ എന്നും, പ്രതികളെ സഹായിക്കാൻ ആരെങ്കിലും ഒത്താശ ചെയ്തോ എന്നും പ്രത്യേക സംഘം പരിശോധിക്കും.