കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്കാണ് പരാതി നൽകിയത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വഴി സൗദി സൈബർ പൊലീസിലും പരാതി നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്യുന്നതിനായി സമാഹരിച്ച ദിയ ധനവുമായി ബന്ധപ്പെട്ട് അപവാദ പ്രചരണം നടത്തിയ കോഴിക്കോട് സ്വദേശിക്കെതിരെ റിയാദിലെ ഇന്ത്യൻ എംബസി മുൻ ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. റഹീം കേസുമായി ബന്ധപ്പെട്ട നടപടികളിൽ കഴിഞ്ഞ 18 വർഷം ഇന്ത്യൻ എംബസി പ്രതിനിധിയായി ഇടപെട്ടിരുന്ന ഉദ്യോഗസ്ഥനാണ് യൂസഫ് കാക്കഞ്ചേരി.
ഔദ്യോഗിക കാലാവധി പൂർത്തിയായതോടെ കഴിഞ്ഞ മാസം യൂസഫ് കാക്കഞ്ചേരി നാട്ടിലേക്ക് മടങ്ങിയിരുന്നു. അദ്ദേഹം കോഴിക്കോട്ടെ ഒരു വാഹന ഷോറൂമിൽ നിന്ന് കാർ വാങ്ങുന്നതിന്റെ ചിത്രം പകർത്തി തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ കാപ്ഷനുകൾ കൊടുത്ത് വാട്സ്ആപ് വഴി പ്രചരിപ്പിക്കുകയും ദിയാധനത്തിനായി പിരിച്ച തുകയിൽനിന്നാണ് ഇതെല്ലാമുണ്ടാക്കുന്നതെന്ന് പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടുള്ള അപവാദം പ്രചരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് യൂസഫ് കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്.
സൗദി അറേബ്യയിലുള്ള ചില പ്രവാസികൾ ഈ രീതിയിലുള്ള സൈബർ ആക്രമണം നടത്തുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിന്റെ തെളിവുകളെല്ലാം ശേഖരിച്ച് കൃത്യമായ വിവരങ്ങൾ ഉൾപ്പെടുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വഴി സൗദി സൈബർ പൊലീസിലും പരാതി നൽകാൻ ഒരുങ്ങുകയാണെന്നും യൂസഫ് പറഞ്ഞു. ഇന്ത്യൻ എംബസി ഏൽപിച്ച ദൗത്യം നിർവഹിക്കുകയല്ലാതെ ഏതെങ്കിലും രീതിയിലുള്ള പണമിടപാട് താൻ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
