Asianet News MalayalamAsianet News Malayalam

അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് ഇന്ന് തറക്കല്ലിടും

അബുദാബി-ദുബായ് പാതയില്‍ അബു മുറൈഖയിലാണ് മധ്യ പൂര്‍വ ദേശത്തെ ആദ്യ ഹിന്ദുക്ഷേത്രം ഉയരുന്നത്

Foundation stone for UAE first traditional Hindu temple to be laid today
Author
Abu Dhabi - United Arab Emirates, First Published Apr 20, 2019, 12:38 AM IST

അബുദാബി: അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് നാളെ തറക്കല്ലിടും. ശിലാസ്ഥാപന ചടങ്ങില്‍ യുഎഇയിലെ മന്ത്രിമാരടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും. അബുദാബി-ദുബായ് പാതയില്‍ അബു മുറൈഖയിലാണ് മധ്യ പൂര്‍വ ദേശത്തെ ആദ്യ ഹിന്ദുക്ഷേത്രം ഉയരുന്നത്.

ബാപ്സ് സ്വാമിനാരായൺ സൻസ്ഥയുടെ ആത്മീയാചാര്യൻ സ്വാമി മഹന്ത് മഹാരാജിന്റെ കാർമികത്വത്തില്‍ രാവിലെ എട്ടു മണിക്ക് തുടങ്ങുന്ന ചടങ്ങ് ഉച്ചയ്ക്ക് ഒരുമണിവരെ നീളും. ശിലാസ്ഥാപന ചടങ്ങിന് രാജസ്ഥാനിൽനിന്ന് പ്രത്യേകം രൂപകൽപന ചെയ്ത ശില അബുദാബിയിൽ എത്തിച്ചിട്ടുണ്ട്.

യുഎഇ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ, സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി തുടങ്ങി പ്രമുഖര്‍ ചടങ്ങിന്‍റെ ഭാഗമാകും. 

അബു മുറൈഖയിലെ നിർമാണ മേഖലയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലായിരിക്കും ചടങ്ങുകള്‍. ഉച്ചയ്ക്ക് രണ്ട് മുതലാണ് പൊതുജനങ്ങൾക്കുള്ള പ്രവശനം. യുഎഇയിലെ ഏഴ് എമിറേറ്റുകളുടെ പ്രതീകമായി ഏഴ് കൂറ്റൻ ഗോപുരങ്ങളോടുകൂടിയാകും ക്ഷേത്രം നിർമിക്കുക.

പ്രാര്‍ത്ഥനാകേന്ദ്രമെന്നതിലുപരി പൗരാണിക ഗ്രന്ഥങ്ങളുള്‍പ്പെടെ അപൂര്‍വങ്ങളായ പുസ്തകങ്ങളുടെ ശേഖരമുള്‍ക്കൊള്ളുന്ന വിശാലമായ ലൈബ്രറി സമുച്ചയത്തോട് കൂടിയായിരിക്കും നിര്‍മാണം. 55,000 ചതുരശ്ര അടിയിലായി സ്ഥാപിക്കുന്ന ക്ഷേത്ര നിര്‍മാണത്തിന് എഴുന്നൂറു കോടിരൂപയിലേറെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2020ൽ നിർമാണം പൂർത്തിയാകുന്ന ക്ഷേത്രം അറബ് മേഖലയിലെ സാംസ്കാരിക കേന്ദ്രം കൂടിയായിരിക്കും. 

Follow Us:
Download App:
  • android
  • ios