50 കിലോഗ്രാം ക്രിസ്റ്റല്‍ മെത്, 49 കിലോ ഹാഷിഷ് എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
മസ്കറ്റ്: ഒമാനിലേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച നാലു പേര്‍ പിടിയില്‍. നൂറ് കിലോഗ്രാമോളം ലഹരിമരുന്നാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്.
സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസിന്‍റെ നേതൃത്വത്തില്‍ നാര്‍കോട്ടിക്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് കണ്‍ട്രോള്‍ വിഭാഗം, തീരസംരക്ഷണ പൊലീസുമായി സഹകരിച്ച് നടത്തിയ ഓപ്പറേഷനിലാണ് പ്രതികള്‍ പിടിയിലായത്. ഏഷ്യക്കാരാണ് നാലുപേരും. 50 കിലോഗ്രാം ക്രിസ്റ്റല്‍ മെത്, 49 കിലോ ഹാഷിഷ് എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
Read Also - വൻ പ്രഖ്യാപനം, ഇതിലും വലിയ പിന്തുണ സ്വപ്നങ്ങളിൽ! ചേര്‍ത്തുപിടിച്ച് യുഎഇ, കണ്ടൻറ് ക്രിയേറ്റര്‍മാരേ ഇതിലേ...
അതേസമയം കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. അബ്ദലി അതിര്‍ത്തിയില്‍ വെച്ചാണ് കസ്റ്റംസ് പരിശോധനയില്‍ ലഹരി ഗുളികകള്‍ കണ്ടെത്തിയത്. യാത്രക്കാരനില്‍ നിന്നാണ് 45,000 നാര്‍കോട്ടിക് ക്യാപ്റ്റഗണ്‍ ഗുളികകള്‍ പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു.
ഇയാളില്‍ നിന്ന് 170ഓളം ലിറിക്ക ഗുളികകളും പിടികൂടി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് യാത്രക്കാരന്‍ കുവൈത്തിലേക്ക് ലഹരി വസ്തുക്കളുമായി അബ്ദലി ബോര്‍ഡര്‍ ക്രോസിങ്ങില്‍ എത്തിയത്. ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയപ്പോഴാണ് ലഹരി ഗുളികകള്‍ പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്ത് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. അബ്ദലി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശ്രമത്തിനും ജാഗ്രതയ്ക്കും കസ്റ്റംസ് ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അദെല്‍ അല്‍ ഷര്‍ഹാന്‍ നന്ദി അറിയിച്ചു.
