അബുദാബി: യുഎഇയില്‍ 479 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗം നാലു പേരുടെ കൂടി മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41 ആയി.  

നിലവില്‍ 6781 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള മൂന്നുപേരും ഒരു ഗള്‍ഫ് പൗരനുമാണ് മരിച്ചത്. 98 പേര്‍ക്ക് ഇന്ന് കൊവിഡ് ഭേദമായി. രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 1286ലെത്തി. പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യ സ്ഥിതി ഗുരുതരമല്ല.

അതേസമയം  കൊവിഡ് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് വന്‍ തുക പിഴ ചുമത്താന്‍ യുഎഇയില്‍ തീരുമാനമെടുത്തു. 5400 ഡോളര്‍ വരെ പിഴ ഈടാക്കുമെന്ന് ദുബായ് മീഡിയ ഓഫീസാണ് അറിയിച്ചത്. ശനിയാഴ്ച ചേര്‍ന്ന യുഎഇ കാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ആരോഗ്യ മന്ത്രാലയത്തിന്റെയോ പ്രാദേശിക ആരോഗ്യ വിഭാഗം അധികൃതരുടെയോ അംഗീകാരമില്ലാത്ത മെഡിക്കല്‍ വിവരങ്ങള്‍ വ്യക്തികള്‍ പ്രസിദ്ധീകരിക്കാനോ പ്രചരിപ്പിക്കാനോ പാടില്ല. അധികൃതര്‍ പുറത്തുവിടുന്ന വിവരങ്ങള്‍ക്ക് വിരുദ്ധമായ വിവരങ്ങള്‍ പ്രചരിപ്പിച്ചാലാണ് പിഴ ഈടാക്കുക.