യുഎഇ ദേശീയ ദിനം പ്രമാണിച്ചാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അബുദാബി: യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് നാല് എമിറേറ്റുകളില്‍ 50 ശതമാനം ട്രാഫിക് പിഴയിളവ് പ്രഖ്യാപിച്ചു. ഫുജൈറയില്‍ ഡിസംബര്‍ 2 മുതല്‍ 53 ദിവസത്തേക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
ഡിസംബര്‍ ഒന്നിന് മുമ്പ് രേഖപ്പെടുത്തിയ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴയിലാണ് ഇളവ് ലഭിക്കുക. വാഹനങ്ങള്‍ കണ്ടുകെട്ടുന്നതും ട്രാഫിക് ബ്ലാക് പോയിന്‍റുകളും ഒഴിവായി കിട്ടും. എന്നാല്‍ ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ഇളവ് ബാധകമല്ല. റാസല്‍ഖൈമയിലും 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയാണ് ഇളവ്. ഡിസംബര്‍ 1ന് മുമ്പ് രേഖപ്പെടുത്തിയ നിയമലംഘനങ്ങള്‍ക്കുള്ള പിഴയിലാണ് ഇളവ് ലഭിക്കുക.
ഉമ്മുല്‍ഖുവൈനില്‍ ഡിസംബര്‍ 1 മുതല്‍ ജനുവരി 5 വരെ 50 ശതമാനം ട്രാഫിക് പിഴയിളവ് ലഭിക്കും. അജ്മാനിലും ദേശീയ ദിനം പ്രമാണിച്ച് 50 ശതമാനം ട്രാഫിക് പിഴ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ നാല് മുതല്‍ ഡിസംബര്‍ 15 വരെയാണ് ഇവിടെ പിഴത്തുകയില്‍ ഇളവ് ലഭിക്കുക. ഒക്ടോബര്‍ 31ന് മുമ്പ് രേഖപ്പെടുത്തിയ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയിലാണ് ഇളവ് ലഭിക്കുക.
