ദുബായ്: ഗൾഫിൽ കൊവിഡ് ബാധിച്ച് നാല് മലയാളികൾ കൂടി മരിച്ചു. രണ്ട് കണ്ണൂർ സ്വദേശികളും കോഴിക്കോട്, കൊല്ലം സ്വദേശിയുമാണ് മരിച്ചത്. ഇതോടെ ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 253 ആയി. യുഎഇയിലാണ് ഏറ്റവും കൂടുതൽ മലയാളികൾ മരിച്ചത്(100 പേർ). സൗദിയിൽ 89 മലയാളികൾ കൊവിഡ് ബാധിച്ചു മരിച്ചു.

ഒമാനില്‍ ഇന്ന് മൂന്ന് മരണം

ഒമാനില്‍ ഇന്ന് മൂന്ന് പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 131 ആയി. ഇന്ന് 905 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 402 പേർ സ്വദേശികളും 503 പേർ വിദേശികളുമാണ്. ഒമാനിൽ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 29,471 ആയി. ഇതിൽ 15,552 പേർ സുഖം പ്രാപിച്ചുവെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വാർത്തകുറിപ്പിൽ പറയുന്നു.

സൗദിയില്‍ 3379 പേർക്ക് കൂടി കൊവിഡ്

സൗദിയിൽ ഇന്ന് 3379 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1267 പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്. കൊവിഡ് പ്രതിരോധ നടപടി സ്വീകരിക്കുന്നതിൽ വീഴ്‌ച വരുത്തിയാൽ കർശന നടപടി എടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. രാജ്യത്ത് നിലവിലുണ്ടായിരുന്ന കർഫ്യൂ പൂർണമായി പിൻവലിച്ചതോടെ ഇന്ന് മുതൽ സൗദിയിൽ ജനജീവിതം സാധാരണ നിലയിലായി.