സംശയകരമായ സാഹചര്യത്തില്‍ ബാഗുമായി പോവുകയായിരുന്ന ഒരാളെ പരിശോധിച്ചപ്പോഴാണ് സംഘത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. 

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫിന്റാസില്‍ മദ്യ നിര്‍മാണ കേന്ദ്രം നടത്തിവരികയായിരുന്ന നാല് വിദേശികളെ അഹ്‍മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. നിരവധി ബാരലുകളില്‍ സൂക്ഷിച്ചിരുന്ന മദ്യവും നിര്‍മാണത്തിനും മറ്റും ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു. നൂറുകണക്കിന് കുപ്പി മദ്യവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

സംശയകരമായ സാഹചര്യത്തില്‍ ബാഗുമായി പോവുകയായിരുന്ന ഒരാളെ പരിശോധിച്ചപ്പോഴാണ് സംഘത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇയാളുടെ ബാഗില്‍ നിരവധി മദ്യക്കുപ്പികള്‍ കിട്ടിയതോടെ ഉറവിടം അന്വേഷിക്കുകയായിരുന്നു. താനും മറ്റ് മൂന്ന് പേരും ചേര്‍ന്ന് നടത്തുന്ന മദ്യ നിര്‍മാണ കേന്ദ്രത്തെക്കുറിച്ച് ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കി.

സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘത്തോടൊപ്പെം കുവൈത്ത് മുനിസിപ്പാലിറ്റി അധികൃതരും ചേര്‍ന്നാണ് സ്ഥലത്ത് പരിശോധന നടത്തിയത്. നിരവധി ബാരലുകളില്‍ സൂക്ഷിച്ചിരുന്ന മദ്യവും നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളും ഉപകരണങ്ങളും ഇവിടെ നിന്ന് കണ്ടെടുക്കുകയായിരുന്നു. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.