മൊബൈല്‍ ഫോണ്‍ ഷോപ്പ് ഉടമയെ കൊലപ്പെടുത്തുകയും പണവും ഫോണുകളും കവരുകയും ചെയ്ത കേസില്‍ നാല് പ്രവാസികള്‍ക്ക് യുഎഇയില്‍ ശിക്ഷ വിധിച്ചു.

ദുബൈ: യുഎഇയില്‍ (UAE) കടയുടമയെ കൊലപ്പെടുത്തുകയും മൊബൈള്‍ ഷോപ്പില്‍ നിന്ന് 158 ഫോണുകളും പണവും മോഷ്‍ടിക്കുകയും ചെയ്‍ത സംഭവത്തില്‍ (Murder and Theft) രണ്ട് പ്രവാസികള്‍ക്ക് 10 വര്‍ഷം ജയില്‍ ശിക്ഷ (Expats sentenced) വിധിച്ചു. ഏഷ്യക്കാരായ ഇരുവര്‍ക്കും അവരുടെ അസാന്നിദ്ധ്യത്തിലാണ് ശിക്ഷ വിധിച്ചത്. മൊബൈല്‍ ഫോണിന് പുറമെ 21,000 ദിര്‍ഹവും 1000 ഡോളറുമാണ് കടയില്‍ നിന്ന് മോഷ്‍ടിച്ചത്. മോഷണത്തിനും കൊലപാതകത്തിനും ശേഷം പ്രതികള്‍ രാജ്യം വിടുകയായിരുന്നു.

കുറ്റകൃത്യത്തില്‍ പങ്കാളികളായ മറ്റ് രണ്ട് പ്രതികള്‍ യുഎഇയില്‍ വെച്ചുതന്നെ പിടിയിലായിരുന്നു. ഇവര്‍ക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. മോഷ്‍ടിച്ച സാധനങ്ങള്‍ സൂക്ഷിച്ചതിനാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയത്. ശിക്ഷ അനുഭവിച്ച ശേഷം ഇരുവരെയും യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

മൊബൈല്‍ ഷോപ്പ് ഉടമയുടെ ഡ്രൈവറാണ് മോഷണം നടത്താന്‍ പദ്ധതി തയ്യാറാക്കിയതെന്ന് കേസ് രേഖകള്‍ പറയുന്നു. മറ്റ് രണ്ട് പേരുടെ സഹായത്തോടെ ഇയാള്‍ പദ്ധതി നടപ്പാക്കുകയായിരുന്നു. കടയുടമ കടയുടെ അകത്തായിരുന്ന സമയത്ത് ഇവര്‍ ആക്രമണം നടത്തുകയും ഉടമയെ കെട്ടിയിടുകയും ചെയ്‍തു. ഇയാള്‍ ശബ്‍ദമുണ്ടാക്കാതിരിക്കാന്‍ വായില്‍ ടേപ്പ് ഒട്ടിച്ചു. എന്നാല്‍ ശ്വാസതടസം കാരണം ഉടമ മരണപ്പെടുകയായിരുന്നു.

കൊലപാതക വിവരം പുറത്തറിയുന്നതിന് മുമ്പ് തന്നെ രണ്ട് പ്രതികള്‍ രാജ്യം വിട്ടു. കേസിലെ രണ്ടാം പ്രതി മോഷണ വസ്‍തുക്കള്‍ തന്റെ ബന്ധുവിനെ ഏല്‍പ്പിച്ചു. ഫോണുകള്‍ വിറ്റ് ലഭിക്കുന്ന പണം തനിക്ക് ട്രാന്‍സ്‍ഫര്‍ ചെയ്യണമെന്ന് നിര്‍ദേശിച്ച ശേഷമാണ് ഇയാള്‍ രാജ്യം വിട്ടത്. മൂന്നാം പ്രതിയും നാലാം പ്രതിയും ചേര്‍ന്ന് മോഷണ വസ്‍തുക്കള്‍ ഒരു മരുഭൂമിയില്‍ കഴിച്ചിടുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.