കുവൈത്തിൽ കാർ തകർത്ത് 50,000 ദിനാർ കവർന്ന കേസിൽ നാല് വിദേശികൾ അറസ്റ്റിൽ. കാറിന്‍റെ ചില്ല് തകർത്ത് പണം അടങ്ങിയ ബാഗ് കവർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ തന്നെ ഒരു പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.
കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമിയയിൽ സ്വദേശിയുടെ കാർ തകർത്ത് ഏകദേശം 50,000 ദിനാർ കവർന്ന സംഭവത്തിൽ നാല് എത്യോപ്യൻ പൗരന്മാരെ ഹവല്ലി ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്‍റ് അറസ്റ്റ് ചെയ്തു. ബാങ്കിൽ നിന്ന് പണവുമായി ഇറങ്ങിയ പൗരനെ പ്രതികൾ രഹസ്യമായി നിരീക്ഷിക്കുകയും കാർ പിന്തുടരുകയുമായിരുന്നുവെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്‍റ് വ്യക്തമാക്കി.
കാറിന്‍റെ ചില്ല് തകർത്ത് പണം അടങ്ങിയ ബാഗ് കവർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ തന്നെ ഒരു പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു. തുടർന്ന് നടത്തിയ മറ്റ് പരിശോധനകളിൽ ബാക്കി പ്രതികളും പിടിയിലായി. കവർച്ച ചെയ്യപ്പെട്ട പണവും പ്രതികളെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.


