ദോഹ: ഖത്തറില്‍ യമനി പൗരനെ കൊലപ്പെടുത്തിയ കേസില്‍ നാല് മലയാളികള്‍ക്ക് വധശിക്ഷ. ഇവരടക്കം 27 പ്രതികളുണ്ടായിരുന്ന കേസിലാണ് ഖത്തര്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. കേസിലെ പ്രതികളെല്ലാവരും മലയാളികളാണ്. ഇവരില്‍ പ്രധാന പ്രതികളായ മൂന്ന് പേര്‍ പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപെടുകയായിരുന്നു.

കേസിലെ ഒന്നാം പ്രതി അബ്ഷീര്‍, രണ്ടാം പ്രതി ഉനൈസ്, മൂന്നാം പ്രതി റഷീദ് കുനിയില്‍, നാലാം പ്രതി ഷമ്മാസ് എന്നിവര്‍ക്കാണ് വധശിക്ഷ. കേസില്‍ ഉള്‍പ്പെട്ട ഏതാനും പേരെ നിരപരാധികളെന്ന് ബോധ്യപ്പെട്ട് കോടതി വെറുതെവിട്ടു. നാല് പ്രതികളുടെ വധശിക്ഷക്ക് പുറമെ മറ്റ് പ്രതികളില്‍ ചിലര്‍ക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും മറ്റ് ചിലര്‍ക്ക് ആറ് മാസം ജയില്‍ ശിക്ഷയുമാണ് വിധിച്ചത്. 

രണ്ട് വര്‍ഷം മുമ്പാണ് മലയാളികളുടെ സംഘം യമനി പൗരനെ തട്ടിക്കൊണ്ടുപോയി പണവും ആഭരണങ്ങളും അപഹരിച്ച ശേഷം കൊലപ്പെടുത്തിയത്.  മലയാളി വാടകയ്ക്ക് എടുത്തിരുന്ന മുര്‍റയിലെ ഫ്ലാറ്റിലായിരുന്നു കൊലപാതകം. ദോഹയില്‍ വിവിധയിടങ്ങളില്‍ ജ്വല്ലറി നടത്തിയിരുന്ന യമന്‍ പൗരനെ കൊലപ്പെടുത്തിയ ശേഷം തട്ടിയെടുത്ത പണം വിവിധ മാര്‍ഗങ്ങളിലൂടെ വിദേശത്തേക്ക് അയക്കുകയും ചെയ്‍തു.