Asianet News MalayalamAsianet News Malayalam

കുളിമുറിയില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തി; നാലുപേര്‍ക്കെതിരെ കേസ്

മാര്‍ക്കറ്റിങ് മാനേജരായി ജോലി ചെയ്യുന്ന 43കാരനാണ് സംഘത്തിന്റെ നേതാവെന്നാണ് കരുതുന്നത്. ഇയാളാണ് ഷഖൂറയിലെ വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയത്. കുളിമുറിയില്‍ എല്‍ ഇ ഡി ലൈറ്റുകള്‍ പ്രത്യേകം സജ്ജീകരിച്ചാണ് ഇയാള്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയത്.

four men  on trial for growing marijuana in Bahrain
Author
Manama, First Published Jun 12, 2021, 10:12 AM IST

മനാമ: ബഹ്‌റൈനില്‍ കഞ്ചാവ് വളര്‍ത്തുകയും വില്‍പ്പന നടത്തുകയും ചെയ്ത കുറ്റത്തിന് നാലുപേര്‍ക്കെതിരെ വിചാരണ ആരംഭിച്ചു. 30നും 43നും ഇടയില്‍ പ്രായമുള്ള നാല് സ്വദേശികളാണ് കഞ്ചാവ് വളര്‍ത്തിയതിനും വില്‍പ്പന നടത്തിയതിനും ബഹ്‌റൈന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടുന്നത്. എന്നാല്‍ കോടതിയില്‍ ഇവര്‍ കുറ്റം നിഷേധിച്ചതായി 'ജിഡിഎന്‍ ഓണ്‍ലൈന്‍' റിപ്പോര്‍ട്ട് ചെയ്തു.

മാര്‍ക്കറ്റിങ് മാനേജരായി ജോലി ചെയ്യുന്ന 43കാരനാണ് സംഘത്തിന്റെ നേതാവെന്നാണ് കരുതുന്നത്. ഇയാളാണ് ഷഖൂറയിലെ വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയത്. കുളിമുറിയില്‍ എല്‍ ഇ ഡി ലൈറ്റുകള്‍ പ്രത്യേകം സജ്ജീകരിച്ചാണ് ഇയാള്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയത്. വന്‍ തോതില്‍ കഞ്ചാവ് വളര്‍ത്തുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നുണ്ടെന്ന് ഒരു ഡിറ്റക്ടീവിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് അറസ്റ്റ് വാറന്റ് ലഭിച്ച ശേഷം 43കാരനായ പ്രധാന പ്രതിയുടെ വീട്ടില്‍ പരിശോധന നടത്തി. കുളിമുറിയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തിയെന്നും ഇയാളുടെ കൂട്ടുപ്രതികളാണ് കഞ്ചാവ് വില്‍പ്പന നടത്താന്‍ സഹായിച്ചതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എന്നാല്‍ തനിക്ക് ഉപയോഗിക്കാന്‍ വേണ്ടി മാത്രമാണ് കഞ്ചാവ് വളര്‍ത്തിയതെന്നും 2009 മുതല്‍ കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നുമാണ് പ്രധാന പ്രതി കോടതിയില്‍ പറഞ്ഞത്. സുഹൃത്താണ് കഞ്ചാവ് ചെടിയുടെ വിത്തുകള്‍ തന്നതെന്നും ഇവ വളര്‍ന്ന ശേഷം താനും സുഹൃത്തുക്കളും ചേര്‍ന്ന് കഞ്ചാവ് വലിക്കുമായിരുന്നെന്നും പ്രതി സമ്മതിച്ചു. എന്നാല്‍ ഇവ വില്‍പ്പന നടത്തുന്നുണ്ടെന്ന കുറ്റം ഇയാള്‍ നിഷേധിച്ചു. പുനഃപരിശോധനയ്ക്കായി കേസിലെ വിചാരണ ജൂണ്‍ 22 വരെ മാറ്റിവെച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios