റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഞായറാഴ്ച നാല് പേർ കൂടി മരിച്ചു. പുതിയ മരണങ്ങളിൽ രണ്ടെണ്ണം ജിദ്ദയിലും രണ്ടെണ്ണം മദീനയിലുമാണ് സംഭവിച്ചത്.  നാലുപേരും വിദേശികളാണ്. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ എട്ടായി. നേരത്തെ രണ്ട് വിദേശികൾ മദീനയിലും ഒരു വിദേശി മക്കയിലും ഒരു സ്വദേശി റിയാദിലും മരിച്ചിരുന്നു. മരിച്ച എട്ടുപേരിൽ ഏഴും വിദേശി പൗരന്മാരാണ്. 

ഞായറാഴ്ച പുതുതായി 96 പേരിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 1299 ആയി. 12 പേർ ഗുരുതരാവസ്ഥയിലാണ്. ഒറ്റ ദിവസം കൊണ്ട് 26 പേർ സുഖം പ്രാപിച്ചു എന്ന വിവരം ആശ്വാസം നൽകുന്നതാണ്. ഇതോടെ രോഗമുക്തരുടെ എണ്ണം 66 ആയി. 

പുതിയ കേസുകൾ കൂടുതലായി ഞായറാഴ്ചയും റിപ്പോർട്ട് ചെയ്തത് റിയാദിലാണെങ്കിലും എണ്ണത്തിൽ കുറവുണ്ട്. 27 പേർക്കാണ് പുതുതായി അസുഖം സ്ഥിരീകരിച്ചത്. ദമ്മാമിൽ 23ഉം മദീനയിൽ 14ഉം ജിദ്ദയിൽ 12ഉം മക്കയിൽ ഏഴും അൽഖോബാറിൽ നാലും ദഹ്റാനിൽ രണ്ടും ഖത്വീഫ്, റഅസ് തനൂറ, സൈഹാത്ത്, ഹുഫൂഫ്, താഇഫ്, ഖമീസ് മുശൈത്ത്, തബൂക്ക് എന്നിവിടങ്ങളിൽ ഓരോന്ന് വീതവുമാണ് പുതുതായി രജിസ്റ്റർ ചെയ്ത കേസുകൾ.