അബുദാബി: യുഎഇയ്ക്ക് പുറമെ ഒരു അറബ് രാജ്യം കൂടി മാസങ്ങള്‍ക്കുള്ളില്‍ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുതിര്‍ന്ന ഉപദേഷ്‍ടാവ് ജെറാഡ് കുഷ്‍നര്‍ പറഞ്ഞു. യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 22 അറബ് രാജ്യങ്ങള്‍ക്കും ഇസ്രയേലുമായി സാധാരണ ബന്ധം സ്ഥാപിക്കാന്‍ സ്ഥാപിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രയേലില്‍ നിന്ന് യുഎഇയിലേക്കുള്ള ആദ്യ വിമാനത്തില്‍ കഴിഞ്ഞ ദിവസം ജെറാഡ് കുഷ്‍നറുടെ നേതൃത്വത്തിലാണ് യുഎസ്-ഇസ്രയേൽ ഉന്നതതല പ്രതിനിധി സംഘം അബുദാബിയിലെത്തിയത്. തുടര്‍ന്ന് യുഎഇയിലെ വിവിധ ഏജന്‍സികളുമായി ഇവര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.  നാലാമൊതൊരു അറബ് രാഷ്ട്രം ഇസ്രയേലുമായി സാധാരണ ബന്ധം സ്ഥാപിക്കുന്നത് കാണാൻ വർഷങ്ങളോ മാസങ്ങളോ എടുക്കുമോ എന്ന ചോദ്യത്തിന്, മാസങ്ങള്‍ക്കുള്ളില്‍ അത് പ്രതീക്ഷിക്കാമെന്നായിരുന്നു കുഷ്‍നറുടെ മറുപടി. 1978ൽ ഈജിപ്‍തും 1994ൽ ജോർദാനും 2020ൽ യുഎഇയുമാണ് ഇതുവരെ ഇസ്രയേലുമായി ബന്ധം സ്ഥാപിച്ചിട്ടുള്ള അറബ് രാജ്യങ്ങൾ.

യുഎഇ ഇപ്പോള്‍ നടത്തിയ ഈ നീക്കത്തെ അസൂയയോടെ കാണുന്ന നിരവധിപ്പേരുണ്ട്. ഇസ്രായേലിന്റെ സാങ്കേതികവിദ്യ, സമ്പദ്‌വ്യവസ്ഥ, പുരോഗതി എന്നിവ ആഗ്രഹിക്കുന്ന ധാരാളം പേരുണ്ട്. മിഡിൽ ഈസ്റ്റിന് മറ്റൊരു സിലിക്കൺ വാലി പോലെയാണ് ഇസ്രായേൽ. മതവിശ്വാസം സംബന്ധിച്ചാണെങ്കിലും യുഎഇ വഴി അല്‍ അഖ്‍സ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ നിരവധി മുസ്‍ലിംകള്‍ കാത്തിരിക്കുന്നു. ഇത് ആവേശകരമായ ഒരു തുടക്കമാകുമെന്നാണ് പ്രതീക്ഷ. കൂടുതൽ രാജ്യങ്ങള്‍ ഈ മാര്‍ഗത്തിലേക്ക് കടന്നുവരണമെന്നാണ് ആഗ്രഹം. കാരണം പിന്‍തിരിഞ്ഞ് നില്‍ക്കുന്നത് ആര്‍ക്കും പ്രയോജനപ്പെടില്ല - അദ്ദേഹം പറഞ്ഞു.

പരസ്പരം സംസാരിക്കാതെ പ്രശ്നങ്ങൾ പരിഹരിക്കാനാകില്ല. ജനങ്ങള്‍ തമ്മിലുള്ള ബന്ധവും വ്യാപാര ബന്ധവും അനുവദിക്കുമ്പോള്‍ മാത്രമേ മിഡില്‍ ഈസ്റ്റ് കൂടുതല്‍ ശക്തവും സ്ഥിരതയുള്ളതുമാകൂ. 22 അറബ് രാജ്യങ്ങളും ഇസ്രായേലുമായി സാധാരണ ബന്ധം സ്ഥാപിക്കേണ്ടുന്നതിന് ആയിരം കാരണങ്ങളുണ്ട്. എന്നാല്‍ അത് സാധ്യമാവാതിരിക്കാന്‍ വളരെ കുറച്ച് കാരണങ്ങള്‍ മാത്രമേയുള്ളു. വെസ്റ്റ് ബാങ്ക് അധിനിവേശം ഇസ്രായേൽ നിര്‍ത്തിവെയ്ക്കുന്നതിനെക്കുറിച്ചുള്ള പിന്നീട് എപ്പോഴെങ്കിലും നടക്കുമെന്നും സമീപഭാവിയിൽ അതുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.