അബുദാബി: യുഎഇയുടെ 50-ാം ദേശീയ ദിനത്തോട് (UAE's 50th National Day)അനുബന്ധിച്ച് അബുദാബിയിലും(Abu Dhabi) ഷാര്‍ജയിലും(Sharjah) വാഹന പാര്‍ക്കിങ് സൗജന്യം. ഡിസംബര്‍ ഒന്നിന് ആരംഭിക്കുന്ന ദേശീയ ദിന അവധി ദിവസങ്ങളില്‍ പാര്‍ക്കിങ് സൗജന്യമായിരിക്കും. സ്മരണ ദിനമായ ഡിസംബര്‍ ഒന്ന്, യുഎഇ ദേശീയ ദിനമായ ഡിസംബര്‍ രണ്ട് എന്നീ ദിവസങ്ങളില്‍ വാഹന പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററും(ഐറ്റിസി) അബുദാബി മുന്‍സിപ്പാലിറ്റി, ട്രാന്‍സ്‌പോര്‍ട്ട് വിഭാഗവും അറിയിച്ചു.

ഡിസംബര്‍ നാല് ശനിയാഴ്ച രാവിലെ 7.59 മുതല്‍ പണം നല്‍കിയുള്ള പാര്‍ക്കിങ് പുനരാരംഭിക്കും. വരുന്ന അവധി ദിവസങ്ങളില്‍ ടോള്‍ ചാര്‍ജുകളും ഒഴിവാക്കിയിട്ടുണ്ട്. ഡിസംബര്‍ ഒന്നിനും രണ്ടിനും സൗജന്യ വാഹന പാര്‍ക്കിങ് ഉണ്ടായിരിക്കുമെന്ന് ഷാര്‍ജ മുന്‍സിപ്പാലിറ്റിയും അറിയിച്ചു. ഷാര്‍ജയിലെ ചില പ്രദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടില്ലെന്ന് മുന്‍സിപ്പാലിറ്റി അധികൃതര്‍ പറഞ്ഞു. ഡിസംബര്‍ നാലിന് പാര്‍ക്കിങ് ഫീസ് പുനരാരംഭിക്കും. 

യുഎഇയില്‍ ഇന്ധന വില കുറയും

അബുദാബി: യുഎഇയില്‍(UAE) ഡിസംബര്‍ മാസത്തിലെ പുതിയ ഇന്ധന വില(fuel price) പ്രഖ്യാപിച്ചു. ഇന്ധന വിലനിര്‍ണയ സമിതി( UAE fuel price committee ) തിങ്കളാഴ്ചയാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. ഡിസംബര്‍ മുതല്‍ പെട്രോളിന് ലിറ്ററിന് മൂന്ന് ഫില്‍സും ഡീസലിന് നാല് ഫില്‍സും കുറയും.

സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.77 ദിര്‍ഹമായിരിക്കും ഡിസംബര്‍ ഒന്നു മുതലുള്ള നിരക്ക്. നവംബറില്‍ ഇത് 2.80 ദിര്‍ഹമായിരുന്നു. സ്‌പെഷ്യല്‍ 95പെട്രോളിന് ലിറ്ററിന് 2.66ദിര്‍ഹമാണ് പുതിയ നിരക്ക്. നവംബറില്‍ 2.69 ദിര്‍ഹമായിരുന്നു. ഇ പ്ലസ് 91 പെട്രോളിന് ഒരു ലിറ്ററിന് 2.58 ദിര്‍ഹമാണ് പുതിയ വില. നംവബറില്‍ ഇത് 2.61 ദിര്‍ഹമായിരുന്നു. ഡീസലിന് ലിറ്ററിന് 2.77ദിര്‍ഹമാണ് പുതിയ വില. നവംബറില്‍ 2.81 ദിര്‍ഹമായിരുന്നു. രാജ്യാന്തര വിപണിയിലെ എണ്ണവില അനുസരിച്ച് എല്ലാ മാസവും യോഗം ചേര്‍ന്നാണ് ഇന്ധന വില നിശ്ചയിക്കുന്നത്.