ഷാര്‍ജ: ബലി പെരുന്നാളിനോടനുബന്ധിച്ച് ഷാര്‍ജയില്‍ നാല് ദിവസത്തെ ഫ്രീ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ജൂലൈ 30 (ദുല്‍ഹജ്ജ് 9) മുതല്‍ ഓഗസ്റ്റ് രണ്ട് (ദുല്‍ഹജ്ജ് 12) വരെയാണ് സൗജന്യ പാര്‍ക്കിങ് സൗകര്യം ലഭ്യമാവുക. ഔദ്യോഗിക അവധി ദിവസങ്ങളിലടക്കം പണം നല്‍കേണ്ട പ്രത്യേക പാര്‍ക്കിങ് സ്ഥലങ്ങളൊഴികെ മറ്റ് പാര്‍ക്കിങ് കേന്ദ്രങ്ങളെല്ലാം സൗജന്യമായി ഉപയോഗിക്കാം. അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി അറിയിച്ചു. 

ജുലൈ 31നാണ് ബലി പെരുന്നാള്‍. ജൂലൈ 30 മുതല്‍ ഓഗസ്റ്റ് രണ്ട് വരെയാണ് രാജ്യത്തെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് വ്യാപന ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പെരുന്നാളിന് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും പകരം ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ആശംസകള്‍ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.